Your Image Description Your Image Description

1896-ല്‍ ആതന്‍സില്‍ ലോക കായിക മത്സരത്തിന് തിരിതെളിയുമ്പോള്‍ ഒരു വനിതപോലും മത്സരിച്ചിരുന്നില്ല. പിന്നീട് 1900-ലെ പാരിസ് ഒളിമ്പിക്‌സിലാണ് ആദ്യമായി വനിതാ പ്രാതിനിധ്യം ഉണ്ടായത്. അന്ന് 997 അത്‌ലറ്റുകളില്‍ 22 പേർ വനിതകളായിരുന്നു. ഒരു നൂറ്റാണ്ടിലധികം സമയമെടുത്ത്, 124 വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിമ്പിക്‌സിന് വീണ്ടും പാരിസ് വേദികളൊരുക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് തുല്യമായി വനിത പങ്കാളിത്തമുണ്ട് എന്നത് ലോകത്തിന് അഭിമാനമുള്ളതും മാതൃകയാക്കാവുന്നതുമാണ്.

പാരീസ് ഒളിമ്പിക്സ് 2024 ന് ആകെ എത്തിയ 10,500 അത്‌ലറ്റുകളില്‍ 5250 വീതം സ്ത്രീകളും പുരുഷന്മാരും ഉണ്ട്. അതായത് 50:50. ഇതോടെ ലിംഗസമത്വ ഒളിമ്പിക്‌സെന്ന ചരിത്രം കൂടി പാരിസ് ഗെയിംസിന് സ്വന്തം. 2020-ലെ ടോക്യോ ഒളിമ്പിക്‌സിനേക്കാള്‍ 2.2 ശതമാനം വനിത താരങ്ങള്‍ വര്‍ധിച്ച് തുല്യനില കൈവരിക്കുകയാണ് ഇത്തവണ. ഒളിമ്പിക്‌സ് വില്ലേജിലെ സാങ്കേതിക ഉദ്യോഗസ്ഥരില്‍ 40 ശതമാനത്തില്‍ അധികവും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. 2020 ടോക്യോയില്‍ 30 ശതമാനമായിരുന്നു വനിത ഉദ്യോഗസ്ഥര്‍.

1900-ലെ പാരിസ് ഗെയിംസിന് ശേഷം 1904ല്‍ സെന്റ് ലൂയിസില്‍ 651 അത്‌ലറ്റുകള്‍ എത്തിയതില്‍ സ്ത്രീകള്‍ ആറുപേര്‍ മാത്രമായിരുന്നു. 0.9 ശതമാനം പ്രാതിനിധ്യമായിരുന്നു. 1908ല്‍ അത് 1.8ഉം തുടര്‍ന്ന് 2.0, 2.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 1952 ലെ ഹെല്‍സിങ്കി ഗെയിംസിലാണ് ആദ്യമായി സ്ത്രീ പ്രാതിനിധ്യ ശതമാനം രണ്ടക്കം കടന്നത്. 1976-ല്‍ 20ന് മുകളിലെത്തി. 1996-ല്‍ 34ലെത്തി. 2004ല്‍ 40 കടന്നു. 2020 ലെ ടോക്യോ ഒളിമ്പിക്‌സില്‍ 47.8 ശതമാനത്തിലേക്കെത്തിയ ശേഷമാണ് 2024 ലെ ഒളിമ്പിക്സിൽ 50 ല്‍ എത്തുന്നത്. ടോക്യോയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും വനിത അത്‌ലറ്റുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ”ദ വിമന്‍സ് ഗെയിംസ്” എന്ന് കൂടി അത് വിളിക്കപ്പെട്ടു.

പാരിസിലെ 32 കായിക ഇനങ്ങളില്‍ 28 എണ്ണത്തിലും സമ്പൂര്‍ണ ലിംഗസമത്വം കൈവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് 152, പുരുഷന്മാര്‍ക്ക് 157, മിക്‌സഡ് 20 എന്നിങ്ങനെയാണ് മെഡല്‍ മത്സരങ്ങള്‍. ഇന്ത്യയും ഈ ഒളിമ്പിക്സില്‍ അഭിമാനകരമായ രീതിയില്‍ തന്നെ മാറ്റുരക്കുന്നുണ്ട്. ഇന്ത്യക്ക് 46 വനിത അത്ലറ്റുകള്‍ ഉണ്ട്. ഇത് ഇന്ത്യന്‍ സംഘത്തിന്റെ 41 ശതമാനം വരും. ടോക്യോയില്‍ 119 പേര്‍ പങ്കെടുത്തപ്പോള്‍ അതില്‍ 53 പേര്‍ വനിതകളായിരുന്നു.

21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആറ് ഒളിമ്പിക്സുകളില്‍ നിന്ന് ഇന്ത്യ നേടിയ 20 മെഡലുകളില്‍ എട്ടെണ്ണവും വനിതകളുടെ സംഭാവനയാണെന്നതും ശ്രദ്ധേയമാണ്. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒളിമ്പിക്‌സിന് വീണ്ടും പാരീസ് വേദിയാകുമ്പോൾ സ്ത്രീകളുടെ പേരില്‍ എത്ര റെക്കോര്‍ഡുകള്‍ പിറക്കും, എത്രപേര്‍ ചരിത്രമെഴുതും എന്നൊക്കെ ഉറ്റുനോക്കുകയാണ് ലോകം.

 

Leave a Reply

Your email address will not be published. Required fields are marked *