Your Image Description Your Image Description

 

പാരീസ്: പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കാനുളള അഭയാർത്ഥി കായികസംഘം ഫ്രാൻസിലെത്തി. പതിനഞ്ചു രാജ്യങ്ങളിൽ നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്‌സിൽ മാറ്റുരയ്ക്കുന്നത്. സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി വന്നവർ, ജീവൻ കയ്യിൽ പിടിച്ചുളള ഓട്ടത്തിനിടയിൽ ചെന്നെത്തിയിടത്ത് അഭയാർത്ഥികളായവർ, അങ്ങനെ ലോകത്തെവിടെയെല്ലാമോ ആയി ചിതറി പോയ പത്തുകോടി മനുഷ്യരുടെ സ്വപ്നങ്ങളുമായി അവർ പാരീസിലെത്തി. ഒളിംപിക് അസോസിയേഷന്റെ അഭയാർത്ഥി കായിക സംഘമായി.

യുദ്ധവും ദുരിതവുമേറെ കണ്ടവർക്ക് രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണകൾ പേറുന്ന നോർമണ്ടിയിലായിരുന്നു സ്വീകരണം. ബയോവ്, കാൻ പട്ടണങ്ങൾ കണ്ടു മടക്കം. പിന്നീട് ഒളിംപിക് വില്ലേജിലേക്ക്, അഭയം നൽകിയ രാജ്യത്തിന്റെയോ സ്വയം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലോ അവസാനഘട്ട പരിശീലനം. പന്ത്രണ്ട് ഇനങ്ങളിലായി മത്സരം. റിയോയിലും ടോക്യോവിലും അണിനിരന്നിതിനേക്കാൾ അഭയാർത്ഥി താരങ്ങളുണ്ട് ഇത്തവണ പാരീസിൽ. ദിവസങ്ങൾപ്പുറം പുതിയ വേഗവും ഉയരവും തേടി ലോകം പാരീസിൽ ചുരുങ്ങും. എല്ലാ മനുഷ്യനെയും ചേർത്തു പിടിച്ചെന്ന അഭിമാനത്തോടെ.

 

Leave a Reply

Your email address will not be published. Required fields are marked *