Your Image Description Your Image Description

കായിക ലോകത്തെ ഏറ്റവും വലിയ ആഘോഷമാണ് നാലു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഒളിംപിക്‌സ്. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു വേദിയില്‍ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറുകയെന്നത് ഏതൊരു കായിക താരത്തിന്റെയും ജീവിതാഭിലാഷവുമാണ്. എന്നാൽ, മറ്റൊരു രാജ്യത്തിനുവേണ്ടി ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ വംശജരായ കായിക താരങ്ങളും ഉണ്ട്. അവരെ കുറിച്ച് അറിയാം.

മോഹിനി ഭരദ്വാജ്

2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സിലാണ് മോഹിനി മെഡലണിഞ്ഞത്. ജിംനാസ്റ്റിക്‌സില്‍ വനിതകളുടെ ടീമിനത്തിൽ അമേരിക്കയ്ക്കു വേണ്ടിയാണ് ഇവര്‍ മെഡല്‍ നേടിയത്. ജിംനാസ്റ്റിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ ഇന്തോ- അമേരിക്കന്‍ അത്‌ലറ്റായും മോഹിനി മാറിയിരുന്നു. ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായി അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് മോഹിനി ജനിച്ചത്.

രാജ് ഭാസ്കർ

അമേരിക്കയ്ക്കു വേണ്ടി ജിംനാസ്റ്റിക്‌സില്‍ തന്നെയാണ് രാജ് ഭാസകറും മെഡല്‍ നേടിയത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് ജിംനാസ്റ്റിക്‌സില്‍ അമേരിക്കയ്ക്കു വേണ്ടി മല്‍സരിക്കാന്‍ രാജിനു അവസരം ലഭിച്ചത്. പുരുഷന്‍മാരുടെ ആര്‍ട്ടിസ്റ്റിക് ടീം ഓള്‍റൗണ്ട് ഇനത്തില്‍ വെങ്കല മെഡല്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

അമേരിക്കയിലെ ഹൂസ്റ്റണിലാണ് അദ്ദേഹം ജനിച്ചത്. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് രാജിന്റെ പിതാവ്. അമ്മ ഉഗാണ്ടക്കാരിയും. ജോലി സംബന്ധമായിട്ടാണ് രാജിന്റെ അച്ഛന്‍ അമേരിക്കയിലേക്കു കൂടുമാറിയത്.

രാജീവ് റാം

രാജീവ് റാമാണ് ഒളിംപിക്‌സില്‍ മറ്റൊരു രാജ്യത്തിനു മെഡല്‍ നേടിക്കൊടുത്ത മൂന്നാമൻ. അമേരിക്കയ്ക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയ അദ്ദേഹം ടെന്നീസില്‍ മെഡല്‍ നേടുകയായിരുന്നു. ടെന്നീസില്‍ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്നു രാജീവ് റാം. 2016-ല്‍ നടന്ന റിയോ ഒളിംപിക്‌സില്‍ മിക്‌സഡ് ഡബിള്‍സിലാണ് വീനസ് വില്ല്യംസിനൊപ്പം മല്‍സരിക്കാനിറങ്ങിയ റാം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ബെംഗളൂരുവില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയവരാണ് റാമിന്റെ മാതാപിതാക്കള്‍.

അലെക്‌സി സിങ് ഗ്രെവാൾ

ഒളിംപിക്‌സില്‍ മറ്റൊരു രാജ്യത്തിനായി മെഡൽ നേടിയ നാലാമത്തെ ഇന്ത്യക്കാരന്‍ അലെക്‌സി സിങ് ഗ്രെവാളാണ്. സൈക്ലിങില്‍ അമേരിക്കയ്ക്കു വേണ്ടിയാണ് അദ്ദേഹം മെഡല്‍ നേടിയത്. 1984-ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ റോഡ് റേസ് സൈക്ലിങിലാണ് അലക്സി സ്വര്‍ണം നേടിയത്. ഈയിനത്തില്‍ അമേരിക്കയുടെ കന്നി സ്വര്‍ണം കൂടിയായിരുന്നു ഇത്. ഇതോടെ ദേശീയ ഹീറോയായും അദ്ദേഹം മാറിയിരുന്നു.

പഞ്ചാബി സിഖ് കുടുംബത്തിലാണ് അലക്സി ജനിച്ചത്. അലെക്‌സിയുടെ സഹോദരന്മാരായ റിഷി, രഞ്ജീത് എന്നിവരും അറിയപ്പെടുന്ന സൈക്ലിങ് താരങ്ങളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *