Your Image Description Your Image Description

എറണാകുളം: കേരളീയ സ്ത്രീ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതിൽ കുടുംബശ്രീയുടെ പങ്ക് നിർണായകമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖല സാമ്പത്തിക ശാക്തീകരണത്തിന്റെയാണ്. അത് സംരംഭകത്വ കാര്യശേഷി വികസനത്തിലൂടെയാണ് കുടുംബശ്രീ നടപ്പാക്കി കൊണ്ടിരിക്കുന്നത്. 85,000 സംരംഭങ്ങൾ, 74,000 കാർഷിക ഗ്രൂപ്പുകൾ, 14,000 മൃഗസംരക്ഷണം മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ എന്നിങ്ങനെ വിപുലമായ രീതിയിൽ സാമ്പത്തിക ശാക്തീകരണ മേഖലയിൽ കുടുംബശ്രീ ഇടപെടുന്നുണ്ട്.
കുടുംബശ്രീയിലൂടെ സംരംഭകത്വ വികസനം സാധ്യമാക്കാനും കേരളത്തിലെ സ്ത്രീ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. സരസ് മേളയിൽ അണിനിരക്കുന്നത് സംരംഭക മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളാണ്. രാജ്യത്തെ തിരഞ്ഞെടുത്ത സംരംഭക വനിതകളുടെ മേളയാണ് സരസ്. കേരളത്തിൽ നിന്നുള്ള 200 ഓളം സംരംഭകർ സരസിൻ്റെ ഭാഗമായിട്ടുണ്ട്. സരസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള 250 പ്രദർശന വിപണന സ്റ്റാളുകളിൽ 90 സ്റ്റാളുകൾ ഇതര സംസ്ഥാനത്ത് നിന്നുള്ളവരുടേതാണ്. കുടുംബശ്രീ സംരംഭകരെയും ഉൽപ്പന്നങ്ങളെയും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്ന, സംരംഭകർക്ക് വിപണന സാധ്യത ഒരുക്കുന്ന മേളയായാണ് സരസ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സരസ് മേളയിലെ മുഖ്യ ആകർഷണം ഇന്ത്യൻ ഫുഡ് കോർട്ട് ആണ്. കഴിഞ്ഞ ഒമ്പത് സരസ് മേളയിലും ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഫുഡ് കോർട്ട് ആണ്. ഇന്ത്യയിലെ മുന്നൂറിൽ അധികം വിഭവങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്നു. കുടുംബശ്രീയുടെ കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന 120 പ്രഗൽഭരായ വനിത ഷെഫുമാർ അണിനിരക്കുന്ന സരസിൽ കേരളത്തിന് അകത്തും പുറത്തുനിന്നുള്ള വിഭവങ്ങൾ ലഭിക്കും. ഇന്ത്യയിലെ എല്ലാ വിഭവങ്ങളും ഒരു പാത്രത്തിൽ ആസ്വദിക്കാവുന്ന ഇന്ത്യ ഓൺ എ പ്ലേറ്റ് എന്ന ആശയമാണ് സരസ് മുന്നോട്ടുവയ്ക്കുന്നത്.
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉയർന്ന നവോത്ഥാന കാലഘട്ടത്തിന്റെ മുദ്രാവാക്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാക്ഷാത്കരിക്കപ്പെടുന്നത് പൂർണ്ണമായും കുടുംബശ്രീയിലൂടെയാണ്.
കുടുംബശ്രീ രൂപീകൃതമായി കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ കേരളത്തിലെ സ്ത്രീ ജീവിതത്തെ സമൂലമായി മാറ്റിമറിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് ഇന്ന് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ നഗര ഉപജീവന മിഷൻ രാജ്യത്ത് ഏറ്റവും മികച്ച മോഡൽ ഏജൻസിയായി കുടുംബശ്രീയെ തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏറ്റവും മികച്ച ജനപക്ഷ നിർവഹണ ഏജൻസിയായി കുടുംബശ്രീ ഇന്ന് പ്രവർത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല രാജ്യങ്ങൾക്കും മാതൃകയായ കുടുംബശ്രീയുടെ ഖ്യാതി ദേശീയ അന്തർദേശീയ തലത്തിൽ എത്തിയിട്ടുണ്ട്. കുടുംബശ്രീ നേടിയ നേട്ടങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. 45 ലക്ഷത്തിലധികം സ്ത്രീകൾ അണിനിരക്കുന്ന കുടുംബശ്രീ പെൺകരുത്തിന്റെ മഹാ പ്രസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു.
പ്രതിദിനം 30,000 മുതൽ 40,000 വരെ സന്ദർശകർ എത്തിയ കേരളീയം പരിപാടിയുടെ മുഖ്യ ആകർഷണവും കുടുംബശ്രീയുടെ ഫുഡ് കോർട്ട് ആയിരുന്നു. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ഗ്രാമീണ ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് സരസ് മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 9 സരസ് മേളയിലായി 85 കോടി രൂപയാണ് 2000 സംരംഭകരുടെ വിറ്റ് വരവായി സരസ് മേളയിലൂടെ ലഭിച്ചത്.
കേരളമൊട്ടാകെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സരസ് മേള എറണാകുളത്തും മികച്ച വിജയമാകട്ടെ എന്നും മന്ത്രി പറഞ്ഞു.
കാൽ നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ചുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്ത്യയുടെ അങ്ങോളം ഇങ്ങോളം ഉള്ള വൈവിധ്യമാര്ന്ന ഭക്ഷണങ്ങളും ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നു എന്നതാണ് സരസ് മേളയുടെ പ്രത്യേകത. നൂറിലധികം പാചകക്കാർ, വിവിധ കലാപരിപാടികൾ, ഭക്ഷണം, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന സരസ് മേള കൂടുതൽ ആഘോഷമാവട്ടെ എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സരസ് മേളയുടെ ഉത്പന്ന സ്റ്റാൾ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ഇന്ത്യൻ ഫുഡ് കോർട്ട് ഉദ്ഘാടനം ടി ജെ വിനോദ് എംഎൽഎയും തീം സ്റ്റാൾ ഉദ്ഘാടനം കെ. ബാബു എംഎൽഎയും നിർവഹിച്ചു. സരസ് ടാഗ് ലൈൻ സമ്മാനദാനം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സരസ് ലോഗോ സമ്മാനദാനം കെ. ജെ മാക്സി എംഎൽഎയും കലാസന്ധ്യ ഉദ്ഘാടനം ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ളയും നിർവഹിച്ചു.
സരസ് തീം ഗാനരചന സമ്മാനദാനം രചയിതാവായ കെ വി അനിൽ കുമാറിന് നൽകിക്കൊണ്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബഹ്റ നിർവഹിച്ചു. ഫോട്ടോഗ്രാഫി സമ്മാനദാനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു.
സിനിമ താരം നിഖില വിമൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ റ്റി എം റെജീന, കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബേസിൽ പോൾ, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ മേരി മിനി, ലതാ ബാബു, നബീസ ലത്തീഫ്, പി സിഡിഎഫ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *