Your Image Description Your Image Description

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് ബിജെപി ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ രണ്ടു കേന്ദ്ര മന്ത്രിമാരെയാണ് പ്രചാരണത്തിന്റെ മേൽനോട്ടത്തിനായി ബിജെപി നിയോഗിച്ചിട്ടുള്ളത്. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനാണ് സംസ്ഥാനത്തിന്റെ ചുമതല. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനാണ് സഹചുമതല. മറ്റൊരു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് ഹരിയാനയുടെ ചുമതല. തൃപുര മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാറിനു സഹചുമതല നൽകിയിട്ടുണ്ട്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോഴത്തെ കൃഷിമന്ത്രിയുമായ ശിവ്‌രാജ് സിങ് ചൗഹാനാണ് ജാർഖണ്ഡിന്റെ ചുമതല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കാണ് സഹ ചുമതല. ജമ്മു കശ്മീരിലെ തയാറെടുപ്പുകൾക്ക് കൽക്കരി വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി നേതൃത്വം നൽകും.

മഹാരാഷ്ട്രയിൽ പുതിയ സഖ്യത്തിന്റെ ഭാഗമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയും അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും ബിജെപിയുടെ കൂടെയാണ്. കോൺഗ്രസും ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും എൻസിപിയും (ശരദ് പവാർ) ഉൾപ്പെട്ട സഖ്യമാണ് പ്രതിപക്ഷത്ത്.

കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 230 സീറ്റിൽ 163 സീറ്റുകളിൽ ബിജെപി സഖ്യം വിജയിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചശേഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ ബിജെപി വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. 2014ന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *