Your Image Description Your Image Description

ഫ്ലോറിഡ: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ എത്താമെന്ന പാക് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായ ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടത്തിന് വേദിയാവേണ്ട ഫ്ലോറിഡയില്‍ ഇന്നും റെഡ് അലര്‍ട്ട് നിലവിലുണ്ട്. കനത്ത മഴയും മിന്നല്‍ പ്രളയവും കാരണം ഗവര്‍ണര്‍ ബുധനാഴ്ച സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രദേശിക സമം രാവിലെ 10.30നും ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കുമാണ് അമേരിക്ക-അയര്‍ലന്‍ഡ് മത്സരം നടക്കേണ്ടത്. ഈ സമയം ഫ്ലോറിഡയില്‍ ഇടിയോട് കൂടിയ കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കാനുള്ള സാധ്യതയേറി. അമേരിക്കയെ തോല്‍പിച്ച് ഇന്ത്യ നേരത്തെ സൂപ്പര്‍ 8ല്‍ എത്തിയിരുന്നു. സൂപ്പര്‍ 8ല്‍ എത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം പാകിസ്ഥാന് ഏറെ നിര്‍ണായകമാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് അമേരിക്കയെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താന്‍ കഴിയുമായിരുന്നുള്ളു.

ആറ് പോയന്‍റുള്ള ഇന്ത്യയും നാലു പോയന്‍റുള്ള അമേരിക്കക്കും പിന്നില്‍ രണ്ട് പോയന്‍റ് മാത്രമുള്ള പാകിസ്ഥാന്‍ മൂന്നാമതാണ്. അവസാന ഗ്രൂപ്പ് മത്സരം ജയിച്ചാലും നാലു പോയന്‍റേ പാകിസ്ഥാന് പരമാവധി നേടാനാവു. ഇന്നത്തെ അമേരിക്ക-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയിന്‍റ് പങ്കിടും. ഇതോടെ അമേരിക്ക അഞ്ച് പോയന്‍റുമായി സൂപ്പര്‍ 8ല്‍ എത്തും. അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാകിസ്ഥാന്‍ സൂപ്പര്‍ 8ല്‍ എത്താതെ പുറത്താകുകയും ചെയ്യും.

ഫ്ലോറിഡയില്‍ 20വരെ മഴ തുടരുമെന്നതിനാല്‍ നാളെ നടക്കേണ്ട ഇന്ത്യ-കാനഡ മത്സരവും വെള്ളത്തിലാകുമെന്നാണ് കരതുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മത്സരവേദിയായ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലും പരിസര പ്രദേശങ്ങളും പ്രളയസമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. ഫോര്‍ട്ട് ലൗഡര്‍ഡെയിലില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴപെയ്യാനുള്ള സാധ്യദ 98 ശതമാനമാണെന്നുമാണ് അക്യുവെതറിന്‍റെ പ്രവചനം. നഗരത്തില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *