Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണല് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് ഉറപ്പാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കാനഡയ്‌ക്കെതിരായ മത്സരം മാത്രമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്.

സ്‌കോർ പിന്തുടരുന്നതിനിടെ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോർബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൽ വിരാട് കോലി (0), രോഹിത് ശർമ (3) എന്നിവർ മടങ്ങി. 39 റൺസായപ്പോൾ റിഷഭ് പന്തും (18) കൂടാരം കയറി. ഇത്തരം വിക്കറ്റുകളിൽ കളിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (50), ശിവം ദുബെ (31) എന്നിവർ ശരിക്കും ബുദ്ധിമുട്ടി. ഏകദിന ശൈലിയിൽ കളിക്കേണ്ടി വന്നു ഇരുവർക്കും. ഇതിനിടെ സൂര്യയുടെ ക്യാച്ച് സൗരഭ് നേത്രവൽക്കർ കൈവിടുകയും ചെയ്തു.

ഒരുഘട്ടത്തിൽ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു. ഇതിനിടെ ആശ്വാസമായി ഇന്ത്യക്ക് അഞ്ച് റൺസ് സൗജന്യമായി ലഭിച്ചു. ഓവറുകൾക്കിടയിലെ സമയം വൈകിപ്പിച്ചതിന് യുഎസിന് പിഴ ലഭിക്കുകയായിരുന്നു. ഓരോ ഓവറിനിടെ 60 സെക്കൻഡ് മാത്രമെ എടുക്കാവൂ. ഇത് മൂന്ന് തവണ തെറ്റിച്ചാൽ അഞ്ച് റൺസ് പിഴയായി വിട്ടുകൊടുക്കേണ്ടി വരും. യുഎസിന് ഇന്ന് അതാണ് സംഭവിച്ചതും. മൂന്ന് തവണ അവർ 60 സെക്കൻഡിൽ കൂടുതലെടുത്തു. ഇതോടെ ഇന്ത്യക്ക് അഞ്ച് റൺസ് ലഭിക്കുകയായിരുന്നു.

നാല് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് യുഎസിനെ തകർത്തത്. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രമാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. 27 റൺസ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *