Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ യുഎസിനെതിരെ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസിനെ നാല് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് തകർത്തത്. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രമാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. 27 റൺസ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറർ. എട്ട് വിക്കറ്റുകൾ യുഎസിന് നഷ്ടമായി. നേരത്തെ, ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽകൂടി പുറത്തിരുന്നു.

മോശമായിരുന്നു യുഎസിന്റെ തുടക്കം. ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് നേടി അർഷ്ദീപ് സിംഗ് യുഎസിനെ പ്രതിരോധത്തിലാക്കി. ഷയാൻ ജഹാഗീർ (0), ആൻഡ്രീസ് ഗൗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവറിൽ അർഷ്ദീപ് നേടിയത്. നാലാമനായി എത്തിയ ആരോൺ ജോൺസിനെ (11) ഹാർദിക് പാണ്ഡ്യയും മടക്കി. ചെറുത്ത് നിന്ന് സ്റ്റീവൻ ടെയ്‌ലറെ (24) അക്‌സർ പട്ടേൽ ബൗൾഡാക്കിയതോടെ യുഎസ് നാലിന് 56 എന്ന നിലയിലായി. പിന്നീട് നിതീഷ് – കോറി ആൻഡേഴ്‌സൺ (14) സഖ്യം 25 റൺസ് കൂട്ടിചേർത്തു.

ഇരുവരും മടങ്ങിയത് അൽപം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹർമീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം. ഷാഡ്‌ലി വാൻ ഷാക്‌വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിംഗ് (2) അവസാന പന്തിൽ റണ്ണൗട്ടായി. അർഷ്ദീപിന് പുറമെ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സർ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറിൽ 25 റൺസ് വഴങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

യുഎസ്: സ്റ്റീവൻ ടെയ്ലർ, ഷയാൻ ജഹാംഗീർ, ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), ആരോൺ ജോൺസ് (ക്യാപ്റ്റൻ), നിതീഷ് കുമാർ, കോറി ആൻഡേഴ്സൺ, ഹർമീത് സിംഗ്, ഷാഡ്ലി വാൻ ഷാൽക്വിക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവൽക്കർ, അലി ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *