Your Image Description Your Image Description

 

ന്യൂയോർക്ക്: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-അമേരിക്ക പോരാട്ടമാണ്. നിറയെ ഇന്ത്യൻ വംശജരുള്ള അമേരിക്കൻ ടീമുമായാണ് ടീം ഇന്ത്യ ഏറ്റുമുട്ടുന്നത് എന്നതാണ് മത്സരത്തെ ആകർഷകമാക്കുന്നത്. വലിയ ആവേശം ന്യൂയോർക്കിലെ ആരാധകർ പ്രതീക്ഷിക്കുന്ന മത്സരത്തിൽ രസംകൊല്ലിയായി മഴയെത്തുമോ? എന്താണ് ന്യൂയോർക്കിൽ നിന്നുള്ള കാലാവസ്ഥ പ്രവചനങ്ങൾ.

ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ന്യൂയോർക്കിൽ മത്സരം ആരംഭിക്കുക. ന്യൂയോർക്ക് സമയം രാവിലെ 10.30നാണ് കളി തുടങ്ങുന്നത്. ഈ ലോകകപ്പിലെ പല മത്സരങ്ങളിലും മഴ രസംകൊല്ലിയായതിനാൽ ഇന്ത്യ-യുഎസ്എ മത്സരത്തിൻറെ കാലാവസ്ഥാ പ്രവചനങ്ങളിലേക്ക് ഏവരും ഉറ്റുനോക്കുകയാണ്. ഇതേ വേദിയിൽ മുമ്പ് നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം മഴമൂലം വൈകിയാണ് തുടങ്ങിയത്. ഫ്ലോറിഡയിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാൾ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. ഇന്ന് ന്യൂയോർക്കിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ മത്സരസമയത്ത് കാര്യമായ മഴ പ്രവചിച്ചിട്ടില്ലാത്തത് ടീമുകൾക്കും ക്രിക്കറ്റ് പ്രേമികൾക്കും ആശ്വാസമാണ്.

ഗ്രൂപ്പ് എ സാധ്യതകൾ

അതേസമയം ഇന്ന് മഴ മത്സരം മുടക്കിയാൽ പാകിസ്ഥാനാണ് കനത്ത തിരിച്ചടി ലഭിക്കുക. മത്സരം ഉപേക്ഷിക്കുന്നതോടെ ഇന്ത്യ, യുഎസ്‌എ ടീമുകൾക്ക് മൂന്ന് കളികളിൽ അഞ്ച് പോയിൻറ് വീതമാകും. ഇതോടെ ഇരു ടീമുകളും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ട് ഉറപ്പിക്കും. മൂന്ന് മത്സരങ്ങളിൽ രണ്ട് പോയിൻറ് മാത്രമുള്ള പാകിസ്ഥാനും കാനഡയും അക്കൗണ്ട് തുറക്കാത്ത അയർലൻഡും പുറത്താവുകയും ചെയ്യും. പാകിസ്ഥാന് അയർലൻഡിന് എതിരായ അവസാന മത്സരം ജയിച്ചാലും നാല് പോയിൻറുകളെ ആവുകയുള്ളൂ. അമേരിക്കയോടും ടീം ഇന്ത്യയോടും തോറ്റപ്പോൾ കാനഡയോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *