Your Image Description Your Image Description

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹണിട്രാപ്പിലൂടെയാണ് അൻവാറുലിനെ കൊൽക്കത്തയിലെ ഹോട്ടലിലേക്കെത്തിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഷിലാസ്തി റഹ്മാൻ എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് വംശജനും യു.എസ്. പൗരനുമായ അഖ്തറുസ്സമാൻ എന്നയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടത്താനായി ഇയാൾ പ്രതികൾക്ക് അഞ്ച് കോടി രൂപ പ്രതിഫലമായി നൽകി. ഷിലാസ്തി റഹ്‌മാനെ ഉപയോ​ഗിച്ച് വശീകരിച്ചാണ് എം.പിയെ കൊല്‍ക്കത്ത ന്യൂടൗണിലെ ആഡംബര ഫ്ലാറ്റിലേക്ക് വരുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഷിലാസ്തി റഹ്മാനെ ബം​ഗ്ലാദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കൊലയാളികളിൽ ഒരാളുടെ പരിചയക്കാരിയായിരുന്നു ഷിലാസ്തിയെന്ന് പൊലീസ് പറയുന്നു. അൻവാറുൾ അസിം അനാറിനെ ഹണിട്രാപ്പ് ചെയ്ത് കൊലയാളികളുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു ഇവരുടെ ചുമതല. ഇവർ എംപിയെ വശീകരിക്കുകയും കൊലയാളികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് എത്തിക്കുകയും ചെയ്തു. എംപി ഇവരോടൊപ്പം ഫ്ലാറ്റിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മൃതദേഹം വെട്ടിനുറുക്കി പല ഭാഗങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനും ശരീരം വെട്ടിമുറിക്കാനും പ്രതികളെ സഹായിച്ച ജിഹാദ് ഹാവലാധര്‍ എന്ന അനധികൃത ബം​ഗ്ലാദേശി കുടിയേറ്റക്കാരനെ കൊല്‍ക്കത്ത പൊലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റ് ചെയ്തു.

ശ്വാസംമുട്ടിച്ച് കൊന്ന ശേഷമാണ് തൊലി നീക്കി ശരീരവും എല്ലുകളും നുറുക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ ജിഹാദ് സമ്മതിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു ജിഹാദ് കശാപ്പുകാരനായി ജോലി ചെയ്തിരുന്നത്. കൃത്യത്തിനായാണ് കൊലയാളികൾ ഇയാളെ കൊൽക്കത്തയിൽ എത്തിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൊലീസ് മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അതേസമയം, കൊലപാതകത്തിന്റെ കാരണവും പ്രധാന പ്രതിയായ അഖ്തറുസ്സമാൻ എവിടെയാണെന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *