Your Image Description Your Image Description

മധ്യപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ശല്ല്യപ്പെടുത്തുകയും അശ്ലീലസംഭാഷണം നടത്തുകയും ചെയ്ത പ്രതിക്ക് രണ്ടുമാസത്തെ ജാമ്യം നൽകി ഹൈക്കോടതി. പ്രതിയായ വിദ്യാർത്ഥിയുടെ കുടുംബ പശ്ചാത്തലം വളരെ നല്ലതാണ് എന്നാണ് ജാമ്യം നൽകാനുള്ള പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.

ഭോപ്പാൽ ആശുപത്രിയിൽ കമ്മ്യൂണിറ്റി സർവീസ് നടത്താനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 16 -ലെ ഉത്തരവിൽ ജസ്റ്റിസ് ആനന്ദ് പഥക് പറയുന്നത് പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണം) കേസിലെ ആരോപണങ്ങൾ പ്രകാരം വളരെ വൃത്തികെട്ട രീതിയിലാണ് യുവാവിന്റെ പെരുമാറ്റം എന്ന് സമ്മതിച്ചു. എന്നാൽ, കുറ്റാരോപിതന് നന്നാവാനുള്ള അവസരം കൊടുത്തു നോക്കേണ്ടതുണ്ട് എന്നാണ്.

ഏപ്രിൽ നാലിനാണ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വാട്ട്സാപ്പിലൂടെ നിരന്തരം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്ല്യപ്പെടുത്തി എന്നും ഫോണിൽ നിരന്തരം വിളിച്ച് അശ്ലീലം പറഞ്ഞു എന്നതുമായിരുന്നു കുറ്റം.

ശനി, ഞായർ‌ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഭോപ്പാൽ ജില്ലാ ആശുപത്രിയിൽ സേവനം ചെയ്യാനാണ് കോടതി ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. താൽകാലിക ജാമ്യത്തിനായുള്ള അപേക്ഷയിൽ, നീണ്ട തടവ് തന്റെ പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രതി വാദിച്ചത്.
ഇയാൾക്ക് താൻ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് ശരിക്കും ബോധ്യപ്പെട്ടു. ഭാവിയിൽ അത്തരത്തിലുള്ള യാതൊരു കുറ്റകൃത്യത്തിലും ഇയാൾ പങ്കാളിയാവില്ല. പരാതിക്കാരിയെ ഒരു തരത്തിലും ഇനി ശല്ല്യപ്പെടുത്തില്ല എന്നാണ് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

ഇയാളുടെ കുടുംബവും കോടതിയിൽ എത്തിയിട്ടുണ്ടായിരുന്നു. മകൻ ചെയ്തത് തെറ്റാണ്. അത് തങ്ങളിൽ വലിയ അപമാനമുണ്ടാക്കി. ഭാവിയിൽ അവൻ അത്തരം തെറ്റുകൾ ചെയ്യില്ല എന്നും അതിനുവേണ്ടി ശ്രദ്ധിക്കുമെന്നും ഇവർ കോടതിയെ അറിയിച്ചു.

ഒരു എംബിഎ വിദ്യാർ‌ത്ഥിയിൽ നിന്നും ഒരിക്കലും ഉണ്ടാവേണ്ട പ്രവൃത്തിയല്ല ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും ഇയാൾക്ക് ഭാവിയിൽ തന്റെ തെറ്റ് തിരുത്താനുള്ള അവസരം നൽകുന്നു എന്നും കോടതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *