Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാട് കണ്ടെത്തിയെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തെ 148 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഷെൽ കമ്പനികൾ ഉണ്ടാക്കി നികുതി വെട്ടിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന. കേരളത്തിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.

സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗവും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും ചേര്‍ന്നാണ് ‘Operation Palm Tree’ എന്ന പേരിൽ പരിശോധന നടത്തിയത്. നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രാത്രിയിലും പരിശോധന തുടര്‍ന്നു. തൊഴിൽ നൽകാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ഐ.ഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ പേരുകളിൽ വ്യാജ രജിസ്ട്രേഷൻ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി 148 വ്യക്തികളുടെ പേരിൽ എടുത്ത ജിഎസ്ടി രജിസ്ട്രേഷനുകളിലായി 1170 കോടി രൂപയുടെ വ്യാജ ഇടപാട് നടത്തിയതിൽ 209 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായാണ് കണ്ടെത്താനായത്. മുൻപ് വ്യാജ ബില്ലിങിനെതിരെ നടപടി എടുക്കാൻ രാജ്യവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിലും ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *