Your Image Description Your Image Description

പത്തനംതിട്ട: ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ പി.സി ജോർജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻറണിക്കെതിരെയുള്ള പി.സി ജോർജിന്റെ പരാമർശം ക്ഷീണമുണ്ടാക്കിയെന്ന് കാണിച്ചാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്ക് അദ്ദേഹം പരാതി നൽകിയത്.

അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ നേത‍ൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടി. പി.സി. ജോർജിന്റെ പരസ്യ പ്രതികരണങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയെന്നും അദ്ദേഹം പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞിരുന്നു. ‘ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആൻറണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആൻറണി കോൺഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..’പി.സി ജോർജ് പറഞ്ഞു.

അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ പലതവണ പി.സി. ജോർജ് തന്റെ അനിഷ്ടം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്നും പി.സി. ജോർജ് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *