Your Image Description Your Image Description

കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.

സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ പിടിലാകാനുള്ള നാല് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ 13 പേർ പിടിയിലായി.

ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോയാണെന്നും ജയപ്രകാശ് പറ‍ഞ്ഞു.കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *