Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപുരത്ത് ഐഎസ്ആര്‍ഒ തയ്യാറാക്കിയ രണ്ടാമത്തെ ലോഞ്ചിങ്ങ് പാഡിന്റെ പത്രപരസ്യം രാഷ്ട്രീയ വിവാദമാകുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിഷയത്തില്‍ ഡിഎംകെയെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.

സ്റ്റാലിന്‍ മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ നല്‍കിയ പത്രപരസ്യത്തില്‍ ചൈനീസ് ദേശീയ പതാക ഇടംപിടിച്ചതാണ് വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തില്‍ പശ്ചാത്തല ചിത്രമായ കുതിക്കുന്ന റോക്കറ്റില്‍ പതിച്ചിരിക്കുന്നത് ചൈനീസ് പതാകയാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് കൊണ്ടുവരുന്നതില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നതാണ് പത്രപരസ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ സന്ദര്‍ശം നടത്തുന്ന ഘട്ടത്തിലാണ് പത്രപരസ്യം ഇറങ്ങിയതെന്നും ശ്രദ്ധേയമാണ്.ഡിഎംകെ പ്രവര്‍ത്തിക്കുന്നില്ല, പക്ഷെ തെറ്റായ ക്രെഡിറ്റ് എടുക്കുന്നു. അവര്‍ ഞങ്ങളുടെ പദ്ധതികളില്‍ അവരുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പരിധി ലംഘിച്ചു ഐഎസ്ആര്‍ഒ ലോഞ്ച്പാഡിന്റെ ക്രെഡിറ്റ് എടുക്കാന്‍ അവര്‍ ചൈനയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. ഇന്ത്യയുടെ ബഹിരാകാശ വിജയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ ബഹിരാകാശ മേഖലയെയും അവര്‍ അപമാനിച്ചു.ഡിഎംകെ അവരുടെ ചെയ്തികള്‍ക്ക് ശിക്ഷിക്കപ്പെടേണ്ട സമയമാണിത് എന്നായിരുന്നു വിഷയത്തില്‍ നരേന്ദ്ര മോദിയുടെ വിമര്‍ശനം.

ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പ്രസിഡന്റ് കെ അണ്ണാമലൈയും വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ‘പത്രപരസ്യം ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതും രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വിയോജിപ്പും തെളിയിക്കുന്നതാണ് എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. റോക്കറ്റ് വിക്ഷേപണ സൗകര്യം ഇവിടെ വരുന്നത് തടയാന്‍ ഡിഎംകെ ആഗ്രഹിക്കുന്നു. അതിനായി അവര്‍ തങ്ങളുടെ ചൈനീസ് യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഏതറ്റം വരെയും പോകുകയാണ്. ഇന്ത്യ ആഘോഷിക്കുമ്പോള്‍ ചൈനയെയും ചൈനക്കാരെയും, അവരുടെ പതാകയെയും ഡിഎംകെ മഹത്വപ്പെടുത്തുകയാണ്. ഒരു മിനിമം ക്ഷമാപണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നും അണ്ണാമലൈ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *