Your Image Description Your Image Description

ക്യാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയതായി മുംബൈ ടാറ്റാ കാൻസറ് ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. കാൻസർ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെട്ടു. തുടർ അനുമതികൾ ലഭിച്ചാൽ 100 രൂപയ്ക്ക് മരുന്ന് വിപണിയിലെത്തും.

ചെലവേറിയ ക്യാൻസർ ചികിത്സയ്ക്ക് അൽപ്പം ഒരു ആശ്വസം, ഒരിക്കൽ ക്യാൻസർ ഭേദമായവരിലേക്ക് രോഗം വീണ്ടും എത്തില്ലെന്ന പ്രതീക്ഷ. ഇന്ത്യയിലെ പ്രശസ്ത കാൻസർ ​ഗവേഷക – ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലിന് അവകാശപ്പെടാൻ ഏറെയുണ്ട്. പത്തു വർഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചത്. റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും പാർശ്വഫലങ്ങളെ പകുതിയായി കുറയ്ക്കാനും രണ്ടാംതവണ കാൻസർ ബാധിക്കുന്നതിനെ മുപ്പതു ശതമാനം പ്രതിരോധിക്കുമെന്നും ​ഗവേഷകർ അവകാശപ്പെടുന്നു.

എലികളിൽ വളർത്തിയെടുത്ത മനുഷ്യ ക്യാൻസർ കോശങ്ങളെ പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. ക്യാൻസർ വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന, പ്രോ ഓക്സിഡന്റ് ഗുളികകളാണിത്. റെസ് വെറട്രോൾ, കോപ്പർ സംയുക്തമാണ് മരുന്നിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ രോഗ പ്രതിരോധത്തിനായുളള മരുന്ന് ചികിൽസയ്ക്ക് ഉപയോഗിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പാർശ്വഫലം കുറയ്ക്കുന്നതിനുള്ള മരുന്ന് നാല് മാസത്തിനകം വിപണിയിലെത്തും. വൻ ചെലവ് വരുന്ന കാൻസറ് ചികിത്സ രംഗത്തേക്ക് കേവലം 100 നൂറ് രൂപയുടെ മരുന്നെത്തും. വരുന്ന ജൂൺ – ജൂലൈ മാസത്തോടെ ഇത് പ്രതീക്ഷിക്കാം. എങ്കിലും മനുഷ്യരിലുള്ള പരീക്ഷണങ്ങൾ പൂര്‍ത്തിയാവാൻ ഇനിയും അഞ്ച് വർഷത്തോളം എടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *