Your Image Description Your Image Description

വാഷിംഗ്ടൺ: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരായിരിക്കണം ഡെമോക്രാറ്റ് സ്ഥാനാർത്ഥി? നിലവിലെ പ്രസിഡന്റ് ജോ ബൈഡന് പകരം ആരായിരിക്കണം സ്ഥാനാ‍ർത്ഥിയെന്ന സർ‌വ്വെയിൽ ഏറ്റവും പിന്തുണ ലഭിച്ചത് മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്കാണ്. സ‍ർവ്വെയിൽ പങ്കെടുത്തതിൽ പകുതിയോളം ഡെമോക്രാറ്റുകളും പ്രസിഡന്റ് സ്ഥാനാത്തേക്ക് മത്സരിക്കാൻ ബൈഡന് പകരം മറ്റൊരു സ്ഥാനാർത്ഥി വേണമെന്നാണ് ആ​ഗ്രഹിക്കുന്നത്. നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിനെ അനുകൂലിക്കുന്നവരാണ് സർവ്വെയിൽ പങ്കെടുത്ത 48 ശതമാനം ഡെമോക്രാറ്റുകളും. 38 ശതമാനം പേർ മറ്റൊരു സ്ഥാനാർത്ഥി വേണമെന്നതിനെ അനുകൂലിക്കുന്നില്ല. ഡെമോക്രാറ്റുകളിൽ 33 ശതമാനം പേ‍‌ർ മാത്രമാണ് അട്ടിമറിയിൽ വിശ്വസിക്കുന്നത്.

ബൈഡന് പകരമാരെന്ന ചോദ്യത്തിൽ 20 ശതമാനം പേർ‌ തിരഞ്ഞെടുത്തത് മിഷേൽ ഒബാമയെയാണ്. വൈസ് പ്രസി‍ഡന്റ് കമലാ ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ, കാലിഫോർണിയ ​ഗവർ‌ണർ ​ഗാവിൻ ന്യൂസം, മിഷി​ഗൺ ​ഗവർണർ ​ഗ്രെച്ചൻ വിറ്റ്മർ എന്നിവരുടെ പേരുകളും പകരക്കാരായി ഉയർന്നു വന്നു. കമലാ ഹാരിസിന് 15 ശതമാനം വോട്ടാണ് ലഭിച്ചത്. ട്രെംപിന് ഒത്ത എതിരാളി ഹിലരി ക്ലിന്റനാണെന്ന് 12 ശതമാനം പേരും വിശ്വസിക്കുന്നു. പലതവണയായി മിഷേൽ ഒബാമയുടെ പേര് ഉയർന്ന് വരുന്നുണ്ട്.

ബൈഡന് എതി‍ർസ്ഥാനാർ‌ത്ഥിയായി റിപ്പബ്ലിക്കൻ പാർ‌ട്ടി ഉയർത്തുന്നത് ട്രെപിന്റെ പേരാണ്. 81 കാരനായ ബൈഡൻ തന്റെ പ്രായവും ആരോ​ഗ്യവും തിര‍ഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ബോധിപ്പിക്കാൻ കഷ്ടപ്പെടുന്നതാണ് വാഷി​ഗ്ടണിൽ നിന്ന് പുറത്തുവരുന്ന വാർ‌ത്തകൾ സൂചിപ്പിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് എതി‍ർസ്ഥാനാർത്ഥി ട്രംപെന്നത് ബൈഡന് ​ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടൽ. വർഷങ്ങൾ ജയിലിൽ ശിക്ഷയനുഭവിക്കാനുള്ള കേസുകൾ ഇതിനോടകം ട്രംപിനെതിരെ വിവിധ കോടതികളിൽ നിലവിലുണ്ട്. ഭരണത്തിലിരിക്കെ നടത്തിയ ക്രമക്കേടുകൾ മുതൽ ലൈം​ഗിക കേസുകൾ വരെ ഇതിൽ ഉൾപ്പെടും.

അതേസമയം ബൈഡന് പ്രായാധിക്യം മൂലമുള്ള ആരോ​​ഗ്യ പ്രശ്നങ്ങളുണ്ടെന്ന വാർത്തകളും അതിന്മേലുള്ള ആശങ്കകളും ഉയരുന്നുണ്ട്. ജനുവരിയിൽ എൻബിസി നടത്തിയ സർവ്വെയിൽ ഡെമോക്രാറ്റുകളിൽ പകുതി പേരടക്കം മുക്കാൽ ഭാഗം വോട്ട‍ർ‌മാരും 81കാരനായ ബൈഡന്റെ പ്രായത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ 77 കാരനായ ട്രംപിന്റെ കാര്യത്തിൽ സമാന ആശങ്ക അറിയിച്ചത് പകുതിയിൽ താഴെ പേരാണ്.

ഡെമോക്രാറ്റുകളുടെ ക്യാംപയിനിനെ ഈ ആശങ്ക ബാധിച്ചിട്ടുണ്ട്. ബൈഡൻ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വിശദമാക്കുന്ന ഒരു റിപ്പോർ‌ട്ടിൽ ഓർമ്മക്കുറവുള്ളയാളെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ റിപ്പോർട്ടിനോട് പ്രതികരിച്ച ഒരു ന്യൂസ് കോൺഫറൻസിൽ ബൈഡൻ ലോക നേതാക്കളുടെ പേരുകൾ തെറ്റായി പരാമർശിച്ചിരുന്നു. ഇതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

തന്റെ മാനസ്സിക നിലയെ കുറിച്ചുള്ള ആശങ്കകൾ പല കോണിൽ നിന്നായി ഉയരുന്നതിനിടെ ഡൊണാൾഡ് ട്രംപിനും തെറ്റുപറ്റിയിട്ടുണ്ടെന്ന വാദവുമായി ബൈഡൻ രം​ഗത്തെത്തിയിരുന്നു. എൻബിസിയുടെ ലൈറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സ് എന്ന പരിപാടിയിൽ, ട്രംപ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് തെറ്റായാണ് വിളിച്ചതെന്ന് ബൈഡൻ ആരോപിച്ചു. ട്രംപ് ഭാര്യയെയാണോ അതോ മുൻ സഹായിയെയാണോ വിളിച്ചതെന്ന് വ്യക്തമല്ല. എന്നാൽ മുൻ പ്രസിഡന്റിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടുവെന്നതാണ് പ്രധാന വിഷയമെന്നും ബൈഡൻ പറഞ്ഞു. ‘നിങ്ങൾ അപ്പുറത്തുള്ളയാളെ നോക്കൂ, അദ്ദേഹം എന്റെ അത്രതന്നെ പ്രായമുള്ളയാളാണ്, പക്ഷേ അദ്ദേഹത്തിന് സ്വന്തം ഭാര്യയുടെ പേര് ഓർമ്മയില്ലെന്നത് ഒരു കാര്യം. ആശയം കാലഹരണപ്പെട്ടുവെന്നതാണ് രണ്ടാമത്തെ കാര്യം’; ജോ ബൈഡൻ പറഞ്ഞു.

മാനസികാരോ​ഗ്യത്തെയും പ്രായാധിക്യത്തെയും കുറിച്ചുള്ള ചോദ്യത്തിന് നർമ്മത്തിൽ കലർ‌ത്തിയാണ് ബൈഡൻ മറുപടി നൽകിയതെങ്കിലും അടുത്ത നാല് വർഷം കൂടി വൈറ്റ് ഹൗസിൽ തുടരാനുള്ള ആരോ​ഗ്യം ബൈഡനുണ്ടോ എന്ന ആളുകളുടെ സന്ദേഹമകറ്റാൻ അദ്ദേഹം പാടുപെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *