Your Image Description Your Image Description

ന്യൂഡൽഹി: ഹിമാചലിൽ കോൺ​ഗ്രസിന് താത്കാലികാശ്വാസം. മുഖ്യമന്ത്രി സ്ഥാനത്ത് സുഖ്‍വീന്ദർ സിങ് സുഖു തുടരും. രാജി തീരുമാനത്തിൽ നിന്ന് മന്ത്രി വിക്രമാദിത്യ സിങ് പിന്മാറി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാൻഡ് നൽകിയ ഉറപ്പിലാണ് നേതാക്കൾ വഴങ്ങിയത്. ഹൈക്കമാൻഡ് നിരീക്ഷകരായ ഡി കെ ശിവകുമാർ, ഭൂപീന്ദർ ഹൂഡ, ഭൂപേഷ് ബഗേൽ എന്നിവർ ഷിംലയിൽ വിളിച്ച നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമാചൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായത്. വിമത എംഎൽഎമാർ ഉയത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഹൈക്കമാൻഡ് ഉറപ്പ് നിരീക്ഷകർ എംഎൽഎമാരെ അറിയിച്ചു. ഹൈക്കമാൻഡ് ഉറപ്പിൽ എംഎൽഎമാർ സർക്കാരിന് ഒപ്പമെന്ന് അറിയിച്ചു. ചർച്ചകൾക്ക് പിന്നാലെ സർക്കാർ സുരക്ഷിതമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു വ്യക്തമാക്കി.

മന്ത്രി സ്ഥാനം രാജിവെച്ച തീരുമാനം ഹൈക്കമാൻഡ് തള്ളിയതോടെ നിലപാടിൽ നിന്ന് പിന്മാറുന്നതായി വിക്രമാദിത്യ സിങ്ങും അറിയിച്ചു. വിക്രമാദിത്യ സിങ്ങിന്റെ രാജി അംഗീകരിക്കില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു വ്യക്തമാക്കിയിരുന്നു. രാജിവെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് വിക്രമാദിത്യ സിംഗ് പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ രവിലെ സർക്കാർ ബജറ്റ് പാസാക്കിയിരുന്നു. തുടർന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സസ്പെൻഷൻ ചോദ്യം ചെയ്ത് എംഎൽഎമാർ കോടതിയെ സമീപിക്കും. ബജറ്റ് പാസാക്കാൻ വേണ്ടി മാത്രമാണ് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തത് എന്ന് ജയറാം ഠാക്കൂർ പ്രതികരിച്ചു.

ഇന്നലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നതോടെയാണ് ഹിമാചൽ കോൺ​ഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടായത്. തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു. ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്. ക്രോസ് വോട്ടിങ് നടന്നതിന് പിന്നാലെ കോ​ൺഗ്രസ് സർക്കാർ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *