Your Image Description Your Image Description

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി നീക്കത്തെ വെട്ടാന്‍ ഒരുമുഴം മുന്നിലെറിഞ്ഞ് കോൺഗ്രസ്. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ കുല്‍ദീപ് പത്താനിയ സസ്‌പെന്‍ഡ് ചെയ്തു. ശേഷം സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിപിന്‍ സിങ് പര്‍മാര്‍, രണ്‍ദീര്‍ ശര്‍മ, ലോകേന്ദര്‍ കുമാര്‍, വിനോദ് കുമാര്‍, ഹന്‍സ് രാജ്, ജനക് രാജ്, ബാല്‍വീര്‍ വെര്‍മ, ത്രിലോക് ജംവാല്‍, സുരേന്ദര്‍ ഷോരി, ദീപ് രാജ്, പുരന്‍ ഠാക്കൂര്‍, ഇന്ദര്‍ സിംഗ് ഗാന്ധി, ദിലീപ് ഠാക്കൂര്‍, എന്നിവരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു ങ്ങ്‌വിപരാജയപ്പെട്ടിരുന്നു. പിന്നാലെ അതിനാടകീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതിനിടെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങ് രാജി വെച്ചത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്ങ് സുഖുവിനെതിരെ രൂക്ഷ വിമർശനവും വിക്രമാദിത്യ സിങ്ങ് ഉയർത്തിയിരുന്നു.കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ലഭിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. സുഖ്‌വീന്ദര്‍ സിങ്ങ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതിനിടെയാണ് സ്പീക്കറുടെ പുറത്താക്കല്‍ നടപടി. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷ് മഹാജന്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നുമായിരുന്നു പ്രതികരണം. 68 സീറ്റുള്ള ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ്, ബിജെപിക്ക് 25 സീറ്റ്, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില.

സർക്കാരിന് ഭീഷണി ഉയർന്നതിന് പിന്നാലെ കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കേന്ദ്ര നേതൃത്വം ഹിമാചലിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *