Your Image Description Your Image Description

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടത്തിന് കണ്ണൂർ ജില്ലയിൽ തുടക്കം. കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി വില്ലേജുകള്‍, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, തളിപ്പറമ്പ് വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ കീഴൂര്‍, കേളകം വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജ് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീസര്‍വ്വേ അസി.ഡയറക്ടര്‍ അറിയിച്ചു.

സര്‍വ്വെ ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ ഭൂമിയില്‍ പ്രവേശിക്കുന്ന വിവരം സ്ഥലത്തെ വാര്‍ഡ് മെമ്പര്‍/ സര്‍വ്വെ ജാഗ്രതാ സമിതി അംഗങ്ങള്‍ മുഖേന അറിയിച്ചാല്‍ സ്ഥലത്തെ വ്യക്തമായതും തര്‍ക്കമില്ലാത്തതുമായ അതിര്‍ത്തി ലൈനുകളിലും, ബെന്‍ഡ് പോയിന്റുകളിലും കാട് വൃത്തിയാക്കിയും, അവകാശം തെളിയിക്കുന്ന രേഖകള്‍ നല്‍കിയും സര്‍വ്വെ ജീവനക്കാരോട് സഹകരിക്കണം. ഡിജിറ്റല്‍ റീസര്‍വ്വെക്ക് മുമ്പായി അതിര്‍ത്തി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ തര്‍ക്കമുള്ള സ്ഥലങ്ങള്‍ ഒന്നായി കണ്ട് ഒരു പാര്‍സലായി സര്‍വ്വെ ചെയ്ത് അവകാശികളുടെ പേര് കൂട്ടായി ചേര്‍ക്കും. അതിനാല്‍ സര്‍വ്വെക്ക് മുമ്പായി പരമാവധി തര്‍ക്കങ്ങള്‍ പരിഹരിച്ച് അതിര്‍ത്തി ലൈന്‍ ഇടണം. ഈ അവസരം എല്ലാ ഭൂവുടമസ്ഥരും പരമാവധി പ്രയോജനപ്പെടുത്തണം. സര്‍വ്വെ ഒരു ഘട്ടം കഴിഞ്ഞാല്‍ അതത് ഉടമസ്ഥര്‍ക്ക് entebhoomi.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി പരിശോധിക്കാനും തെറ്റുണ്ടെങ്കില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി തിരുത്താനും സാധിക്കും. ആദ്യ ഘട്ട സർവേ നടപടികൾക്ക് ശേഷം റിക്കാർഡുകൾ സർവേ ബൗണ്ടറീസ് നിയമം അനുസരിച്ച് 9 (2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *