Your Image Description Your Image Description

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്കെന്ന് സൂചന. കമല്‍ നാഥ്, മകന്‍ നകുല്‍ നാഥ്, വിവേക് തന്‍ഖ എന്നിവര്‍ ബിജെപിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്ന കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന് ചിന്ദ്വാര ലോക്‌സഭാ സീറ്റും മന്ത്രിപദവും ലഭിച്ചേക്കും.

കമല്‍നാഥ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിരുന്ന്. കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിയില്‍ വെച്ചാണ് വിരുന്ന്. നിരവധി എംഎല്‍എമാര്‍ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് കാണിക്കാനുള്ള ശക്തിപ്രകടനം കൂടിയായിട്ടാണ് കമല്‍നാഥിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. വിരുന്നില്‍ പങ്കെടുക്കുന്ന എംഎല്‍എമാരുടെ എണ്ണം പല കാര്യങ്ങളും വ്യക്തമാക്കുമെന്നാണ് കമല്‍നാഥ് പക്ഷക്കാരനായ ഒരു എംഎല്‍എ പ്രതികരിച്ചത്.

വെള്ളിയാഴ്ച കമല്‍നാഥ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് ആവശ്യവുമായായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കോണ്‍ഗ്രസ് കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള സാധ്യതകള്‍ വിധൂരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കമല്‍നാഥ് ബിജെപിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും, കൂടുതല്‍ നല്ല ‘ഡീലി’നായി കാത്തിരിക്കുകയാണെന്നുമാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *