Your Image Description Your Image Description

പൂനെ: കാശി, മഥുര ക്ഷേത്രങ്ങൾ കൂടി സമാധാനപരമായി വീണ്ടെടുത്താൽ വൈദേശിക അധിനിവേശത്തിൽ തകര്‍ക്കപ്പെട്ട മറ്റ് ക്ഷേത്രങ്ങൾ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. രാജ്യത്തിന്റെ ഭാവിയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പുനെയിൽ തന്‍റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന്റെയും ആത്മീയ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തിൽ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദ് ദേവ് ഗിരി മഹാരാജ്.

ഭാരതത്തിൽ 3,500 ഓളം ക്ഷേത്രങ്ങൾ വൈദേശിക അധിനിവേശത്തിൽ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. കാശി, മഥുര ക്ഷേത്രങ്ങൾ കൂടി സ്വതന്ത്രമായാൽ മറ്റ് ക്ഷേത്രങ്ങൾ വീണ്ടെടുക്കാൻ ഉദ്ദേശിക്കുന്നില്ല. നമ്മൾ ഭാവിയിലാണ് ജീവിക്കേണ്ടത്, ഭൂതകാലത്തിലല്ല. കാശി, മഥുര ക്ഷേത്രങ്ങൾ വീണ്ടെടുക്കാനുള്ള പ്രയത്നത്തിന് രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈദേശിക അധിനിവേശത്തിന്റെ മുറിവ് മായ്ക്കാനുള്ള ശ്രമമാണിതെന്നും അല്ലാതെ രണ്ട് വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന്റെ കാര്യത്തിൽ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താൻ നമുക്ക് സാധിച്ചുവെന്നും കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിലെ വലിയ വിഭാഗം കാശി, മധുര ക്ഷേത്രങ്ങളുടെ വിഷയത്തിൽ സമാധാനപരമായ പ്രശ്ന പരിഹാരത്തിന് തയ്യാറാണ്. എന്നാൽ ഇപ്പോഴും എതിര്‍പ്പുകൾ നിൽക്കുന്നുണ്ട്. സംഘര്‍ഷ സാഹചര്യത്തിലേക്ക് നീങ്ങാതെ സമാധാനപരമായി തന്നെ വിഷയങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *