Your Image Description Your Image Description

ഇത്തവണയും ഓണത്തിന് മഞ്ഞ കാർഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും. കിറ്റിൽ അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവയുണ്ടാകും.

കൂടാതെ, റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാക്കും. നീല കാർഡുകാർക്ക് 10 കിലോയും വെള്ള കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. ഇത് ഏകദേശം 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ-റൈസ് 25 രൂപ നിരക്കിൽ ലഭിക്കും. നിലവിൽ 29 രൂപയ്ക്ക് നൽകുന്ന അരിയാണിത്.

സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തും. ഈ വർഷം തിരുവനന്തപുരത്തിന് പുറമെ പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ അരി വിലകുറച്ച് നൽകുന്നതെന്നും, കേരളത്തിലുള്ളവർക്ക് അരി വാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാടെന്നും സർക്കാർ വ്യക്തമാക്കി.

Related Posts