Your Image Description Your Image Description

ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. മധ്യപ്രദേശിൽ സർക്കാർ സ്കൂളിലാണ് സംഭവമുണ്ടായത്. സീലിങ്ങിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ആർക്കും ഗുരുതരപരിക്കേറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്. മേൽക്കൂര തകർന്നുവീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിദ്യാർഥികൾക്ക് അധ്യാപക ക്ലാസെടുക്കുമ്പോൾ പൊടുന്നനെ സീലിങ് തകർന്നുവീഴുകയായിരുന്നു. ഭോപ്പാലിലെ പി.എം ശ്രീ സ്കൂളിന്റെ സീലിങ്ങാണ് തകർന്നുവീണത്. സമൂഹമാധ്യമങ്ങളിലൂടെ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീഴുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങളിൽ ക്ലാസ്റൂമിലുണ്ടായിരുന്ന അധ്യാപികയും കുട്ടികളും ഞെട്ടലോടെ നിൽക്കുന്നത് കാണാം. പിന്നീട് ഉടൻ തന്നെ സമചിത്തത വീണ്ടെടുത്ത് അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനായി ഇവർ മുന്നോട്ട് വരുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂളിന്റെ ശോച്യാവസ്ഥയെ കുറിച്ച് പ്രിൻസിപ്പൽ നേരത്തെ തന്നെ സർക്കാറിനെ വിവരം അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

ഡി.ഇ.ഒക്ക് ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തിരുന്നു. മഴ പെയ്താൽ ക്ലാസ് റൂമുകളിൽ വെള്ളം കയറുമെന്ന കാര്യമാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

Related Posts