Your Image Description Your Image Description

മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ചെക്യാട്ട്കാവില്‍ ജില്ലയിലെ രണ്ടാമത്തെ ഫിഷ്മാര്‍ട്ട് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്താത്ത ശുദ്ധമായ കായൽ കടൽ മത്സ്യങ്ങളും മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്‍ഡ് ഫ്രീസിങ്ങ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെമ്മീന്‍, ചൂര, ഓല, കൂന്തള്‍ എന്നീ മത്സ്യങ്ങളുടെ അച്ചാറുകള്‍, മത്സ്യ കറിക്കൂട്ടുകള്‍, ഫ്രൈ മസാല, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചെമ്മീന്‍ റോസ്റ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കൊളസ്‌ട്രോള്‍ കുറക്കുന്നതിനായി മത്സ്യഫെഡ് ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കൈറ്റോണ്‍ ക്യാപ്‌സൂളുകളും ഇവിടെ ലഭിക്കും. മത്സ്യഫെഡിന്റെ പരിശീലനം ലഭിച്ച രണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഫിഷ് മാര്‍ട്ടിന്റെ നടത്തിപ്പ് ചുമതല.

മത്സ്യഫെഡ് ഭരണ സമിതി അംഗം വി കെ മോഹൻദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.വി ശ്രീജിനി ആദ്യ വിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രേഷ്‌മ, വാർഡ് അംഗങ്ങളായ കെ ശാലിനി, ബിജു വേളം, മത്സ്യഫെഡ് കണ്ണൂർ ജില്ലാ മാനേജർ വി രജിത, കാസർകോട് ജില്ലാ മാനേജർ കെ.എച്ച് ഷെരീഫ്, സി ഡി എസ് ചെയർപേഴ്സൺ വി.പി രതി, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ എം.എൻ അൻസാർ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts