Your Image Description Your Image Description

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) സ്‌കീമില്‍ ഉള്‍പ്പെട്ട റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ മാസവും യോഗം ചേരണമെന്നും ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജനപ്രതിനിധികളുമായും കളക്ടറുമായും ബന്ധപ്പെട്ട് പരിഹാരം കാണണമെന്നും എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോഓഡിനേഷന്‍ സമിതിയായ ‘ദിശ’യുടെ 2025-26ലെ ഒന്നാംപാദ യോഗത്തിലാണ് നിര്‍ദേശം.

തന്റെ എംപി ഫണ്ടില്‍നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കും ഫറോക്ക് നഗരസഭക്കും അനുവദിച്ചിരുന്ന രണ്ട് ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെട്ട് ഉപയോഗശൂന്യമായിരിക്കുകയാണെന്നും ഇവ അടിയന്തരമായി ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുവദിക്കുന്ന ഫണ്ട് പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്നും അടുത്ത ദിശ യോഗം മുതല്‍ ഓരോ പദ്ധതികളുടെയും കുറിപ്പ് പ്രോജകട് ഇംപ്ലിമെന്റിങ് ഓഫീസര്‍ തയാറാക്കി കൃത്യമായി അവതരിപ്പിക്കണമെന്നും എംപി നിര്‍ദേശിച്ചു.

തിക്കോടി ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ ഡിപിആര്‍ തയാറാക്കിയെങ്കിലും ഫിഷറീസ് വകുപ്പില്‍നിന്ന് ഇമ്പാക്ട് സ്റ്റഡി റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പ്രവൃത്തി വൈകുന്നതായി ഷാഫി പറമ്പില്‍ എംപി അറിയിച്ചു. പിഎംജിഎസ്‌വൈ സ്‌കീമില്‍ നിലവില്‍ 12 റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. അമരാവതി-മേമുണ്ട-കീഴല്‍മുക്ക്-വായേരിമുക്ക് റോഡിന്റെയും മൊയിലോത്തറ-മരുതോങ്കര മുള്ളന്‍കുന്ന് റോഡിന്റെയും പ്രവൃത്തി വൈകുന്നതിലും അരൂര്‍-ഇലയിടം തണ്ണീര്‍പന്തല്‍ റോഡില്‍ പോസ്റ്റ് മാറ്റാതെ ടാര്‍ ചെയ്തതിലും എം പി അതൃപ്തി അറിയിച്ചു.

വടകര ജില്ലാ ആശുപത്രി പൊളിച്ചുമാറ്റല്‍ പ്രവൃത്തിയുടെ 30 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ അറിയിച്ചു. എന്‍എച്ച്എമ്മിന്റെ കെട്ടിടത്തില്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സ്റ്റോര്‍ സംവിധാനം മാറ്റാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

എസ്എസ്‌കെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രഫണ്ട് ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും സാമൂഹിക-സാമ്പത്തിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ തെറാപ്പി ഉള്‍പ്പെടെ ഇതുകാരണം തടസ്സപ്പെടുന്നുണ്ടെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു.

വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കീമുകളുടെ പുരോഗതി യോഗം പരിശോധിച്ചു. എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാഫി പറമ്പില്‍ എം പി, കെ കെ രമ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി പി വി ജസീര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു

Related Posts