Your Image Description Your Image Description

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾക്കുള്ള എൻഎബിഎച്ച് പുരസ്കാര അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുഷ് ഡിസ്പൻസറികളെ കൂടുതൽ രോഗീ സൗഹൃദമാക്കുകയും ദേശീയ തലത്തിൽ ശ്രദ്ധ നേടിയതിനു പിന്നിൽ പ്രവർത്തിക്കുകയും ചെയ്തവരെ മന്ത്രി അഭിനന്ദിച്ചു.

നാഷണൽ ആയുഷ് മിഷൻ്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ 19 ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സ്ഥാപനങ്ങൾക്കാണ് എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിനായി പ്രവർത്തിച്ച കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർ, ഫാർമസിസ്റ്റുമാർ, അറ്റൻഡർമാർ, ആശാവർക്കർമാർ, മൾട്ടി പർപ്പസ് വർക്കർമാർ, യോഗ ഇൻസ്ട്രക്ടർമാർ തുടങ്ങിയവർക്ക് മന്ത്രിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശിയും ചേർന്ന് ഉപഹാരം നൽകി.

ഹോമിയോപ്പതി വകുപ്പിന് കീഴിലെ ചെറുവണ്ണൂർ, കോക്കല്ലൂർ, നന്മണ്ട, കട്ടിപ്പാറ, തൂണേരി, എടച്ചേരി,
കക്കോടി, നമ്പ്രത്തുകര ജിഎച്ച്സികൾ, ഭാരതീയ ചികിത്സ വകുപ്പിന് കീഴിലെ ജിഎച്ച്സി വെള്ളന്നൂർ, ഫറോക്ക്, അരിക്കുളം, കുരുവട്ടൂർ, ചേളന്നൂർ, ചെമ്പനോട, എടച്ചേരി, ഉള്ളിയേരി, മാവൂർ ജിഎഡികൾ എന്നിങ്ങനെ 19 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ ജീവനക്കാരെയാണ് അനുമോദിച്ചത്.

സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷതവഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജ്, ഹോമിയോപ്പതി ഡിഎംഒ ഡോ. പി സി കവിത, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. കെ പി യദുനന്ദൻ, മുൻ ഡിഎംഒ ഡോ. കവിത പുരുഷോത്തമൻ, ക്വാളിറ്റി നോഡൽ ഓഫീസർമാരായ ഡോ. സിബി രവീന്ദ്രൻ ഡോ. ടി കെ ഹൃദ്യ, ഡോ. എസി രമ്യ, പ്രൊജക്റ്റ് കോഓഡിനേറ്റർ ഡോ. മീനാക്ഷി എന്നിവർ സംസാരിച്ചു.

Related Posts