Your Image Description Your Image Description

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മ‍ാരും രം​ഗത്ത്. ക്ഷേത്രം പൂർത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കി. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മ‍ാരും രം​ഗത്തെത്തിയിട്ടുള്ളത്.

നേരത്തെ സോണിയാ​ഗാന്ധിക്ക് അയോധ്യയിലേക്കുള്ള ക്ഷണം കിട്ടിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയോ അവര്‍ നിര്‍ദ്ദേശിക്കുന്ന സംഘമോ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗ് അറിയിച്ചിരുന്നു. പിന്നാലെ പാര്‍ട്ടിയില്‍ രണ്ട് ചേരി തന്നെ രൂപപ്പെട്ടു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ നേതൃത്വം പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ ഘടകങ്ങള്‍ പങ്കെടുക്കണമെന്ന നിലപാടാണ് മുന്‍പോട്ട് വച്ചത്. ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

ഇന്ത്യ സഖ്യത്തിലെ ഒട്ടുമിക്ക നേതാക്കളും ചടങ്ങിനില്ലെന്ന് വ്യക്തമാക്കുകയും കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പുരി ശങ്കരാചാര്യര്‍ ഉള്‍പ്പെടെ നാല് പ്രധാന ആത്മീയ നേതാക്കള്‍ മോദി പ്രതിഷ്ഠ നടത്തുന്നതിനെയും, ചടങ്ങിനെ രാഷ്ട്രീയ വത്ക്കരിക്കുന്നതിനെയും വിമര്‍ശിച്ച് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതു കൂടി കണക്കിലെടുത്താണ് അയോധ്യയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്. ലീഗടക്കമുള്ള സഖ്യ കക്ഷികളും, സമസ്ത പോലുള്ള മത സംഘടനകളും നിലപാട് കടുപ്പിച്ചത് പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള കേരളത്തില്‍ തിരിച്ചടിയാകുമെന്നും നേതൃത്വം കണക്ക് കൂട്ടി. ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ പാര്‍ട്ടി നിലപാടും അതു തന്നെയാണെന്ന് നേതൃത്വം അടിവരയിടുകയാണ്.

ക്ഷണം കിട്ടിയ സോണിയാ ഗാന്ധിയോ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോ അധിര്‍ രഞ്ജന്‍ ചൗധരിയോ അയോധ്യയിലേക്കില്ലെന്ന് വാര്‍ത്താ കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കും മുന്‍പുള്ള പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ആദരവോടെ ക്ഷണം നിരസിക്കുന്നു. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആര്‍എസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി. നിര്‍മ്മാണം പൂര്‍ത്തിയാക്കും മുന്‍പുള്ള പ്രതിഷ്ഠാ ദിന ചടങ്ങ് ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. സുപ്രീംകോടതി വിധി മാനിച്ചും, രാമഭക്തരുടെ വികാരം കണക്കിലെടുത്തും സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും ബഹുമാനപുരസരം ക്ഷണം നിരസിക്കുന്നു. ഇത് ബിജെപി ആര്‍എസ്എസ് പരിപാടിയാണ്. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *