Your Image Description Your Image Description

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പട്ടിക ജാതി-പട്ടിക വർഗ കമ്മീഷൻ. ദിശ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ദിനു വെയിലിന്റെ പരാതിയിലാണ് കേസ്. അടുത്ത ഏഴു ദിവസത്തിനകം എറണാകുളം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൃഷ്ണ കുമാറിനെതിരെ സാമൂഹിക പ്രവർത്തകയായ ധന്യ രാമൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ പങ്കാളി സിന്ധു കൃഷ്ണ പങ്കുവെച്ച വ്ളോഗിലായിരുന്നു നടന്റെ വിവാദ പരാമർശം ഉണ്ടായത്. പണ്ട് തന്റെ വീട്ടിൽ ജോലിക്കു വന്നിരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്നും അവർ പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുന്നതിനെ കുടിച്ചോർക്കുമ്പോ ഇപ്പോഴും കൊതി വരുമെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കടുത്ത വിമർശനമാണ് നടന് നേരെ ഉണ്ടായത്. പിന്നാലെയാണ് പട്ടിക ജാതി-പട്ടിക വർഗ കമ്മീഷനും ധന്യ രാമനുമടക്കം പരാതിയുമായി എത്തിയത്.

കൃഷ്ണകുമാറിന്റെ പരാമർശത്തിൽ എഴുത്തുകാരി എസ് ശാരദക്കുട്ടിയും പ്രതികരിച്ചിരുന്നു. ഏതോ പ്രാകൃത കാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണെന്നായിരുന്നു ശാരദക്കുട്ടി വിമർശിച്ചത്. കൃഷ്ണകുമാർ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നതെന്നും ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *