Your Image Description Your Image Description

വാൻകൂവർ: കഴിഞ്ഞയാഴ്ചയാണ് ഇലോൺ മസ്‌കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗം ചാർളി ആംഗസ് ഹൗസ് ഓഫ് കോമൺസിൽ ഒരു നിവേദനം നൽകിയത്. ഇതിനകം 315,000-ത്തിലധികം കനേഡിയൻമാർ ഇതിനെ പിന്തുണച്ച് ഒപ്പിട്ടു കഴിഞ്ഞു. “കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ” മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതാണ് നിവേദനം. ബ്രിട്ടീഷ് കൊളംബിയയിലെ നാനൈമോയിൽ നിന്നുള്ള എഴുത്തുകാരിയായ ക്വാലിയ റീഡാണ് ഈ നിവേദനത്തിന് തുടക്കമിട്ടത്.

കനേഡിയൻ പരമാധികാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിദേശ ഗവൺമെന്റിന്റെ അംഗമായി മസ്‌ക് ഇപ്പോൾ മാറിയിരിക്കുന്നുവെന്നും കനേഡിയൻ പരമാധികാരത്തിൽ കടന്നു കയറാനുള്ള അദ്ദേഹത്തിന്റെ ഈ ശ്രമങ്ങൾക്ക് പരിഹാരം കാണണമെന്നും ഹർജിയിൽ പറയുന്നു. സസ്‌കാച്ചെവാനിലെ റെജീനയിൽ ജനിച്ച അമ്മ മെയ് മസ്‌ക് (നീ ഹാൽഡർമാൻ) വഴിയാണ് മസ്‌കിന് കനേഡിയൻ പൗരത്വം ലഭിക്കുന്നത്. നിലവിൽ, ഇലോൺ മസ്‌കിന് ഇരട്ട പൗരത്വമുണ്ട്. അതായത് കനേഡിയൻ പൗരത്വത്തെ കൂടാതെ അമേരിക്കൻ പൗരത്വം കൂടെ മസ്കിന് ഉണ്ട്.

അതേസമയം, സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആംഗസ് പറയുന്നത്, ‘ഒരു നിവേദനം പൗരത്വം റദ്ദാക്കുന്നതിലേക്ക് നയിക്കില്ലെന്ന് തനിക്കറിയാമെങ്കിലും മസ്‌കിന്റെ അഗാധമായ ജനാധിപത്യ വിരുദ്ധ നടപടികളിൽ ജനങ്ങൾ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്ന ഒന്നാണ് ഇതെന്നുമാണ്. ഒരു വ്യക്തി വഞ്ചന നടത്തിയാലോ, സ്വയം തെറ്റായി പ്രതിനിധാനം ചെയ്താലോ, അല്ലെങ്കിൽ കുടിയേറ്റ അപേക്ഷയിലോ പൗരത്വ അപേക്ഷയിലോ മനഃപൂർവ്വം വിവരങ്ങൾ മറച്ചുവെച്ചാലോ മാത്രമേ കനേഡിയൻ പൗരത്വം റദ്ദാക്കാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *