Your Image Description Your Image Description

രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമായ എം.ജി. കോമറ്റ് ഇ.വിയുടെ ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന് 7.80 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും കിലോമീറ്ററിന് 2.50 രൂപ ബാറ്ററി വാടകയും വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കോമറ്റ് ഇ.വിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെയുള്ള ഈ വാഹനത്തിന്റെ വില നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

റെഗുലര്‍ കോമറ്റിന്റെ രൂപത്തില്‍ തന്നെയാണ് ബ്ലാക്ക്‌സ്റ്റോമും ഒരുങ്ങിയിരിക്കുന്നത്. ബോഡിയില്‍ നല്‍കിയിരിക്കുന്ന കറുപ്പ് നിറവും പല സ്ഥലങ്ങളിലായി നല്‍കിയിരിക്കുന്ന ചുവപ്പ് ഇന്‍സേര്‍ട്ടുകളുമാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് ബ്ലാക്ക്‌സ്റ്റോം മോഡലിനെ വ്യത്യസ്തമാക്കുന്നത്. ബ്ലാക്ക്‌സ്റ്റോം വേരിയന്റ് അവതരിപ്പിക്കുന്ന എം.ജിയുടെ ആദ്യ ഇ.വിയാണ് കോമറ്റ്. സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നാണ് ഈ വാഹനത്തിന്റെ നിറത്തെ എം.ജി. വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം ബമ്പറിലും ഫോഗ്‌ലാമ്പിന് ചുറ്റിലും സ്‌കിഡ് പ്ലേറ്റിലുമാണ് മുന്‍ഭാഗത്ത് പ്രധാനമായും റെഡ് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. മുന്നിലെ മോറിസ് ഗ്യാരേജ് ബാഡ്ജിങ് ചുവന്ന അക്ഷരത്തിലാണ്. വശങ്ങളില്‍ വീല്‍ കവറിലും ക്ലാഡിങ്ങിലും ചുവപ്പ് അലങ്കാരങ്ങള്‍ നല്‍കുന്നുണ്ട്.

റെഗുലര്‍ കോമറ്റ് ഇ.വിക്ക് സമാനമായാണ് ബ്ലാക്ക്‌സ്റ്റോം പതിപ്പിന്റെ ഇന്റീരിയറും ഒരുങ്ങിയിരിക്കുന്നത്. സീറ്റിലെ സ്റ്റിച്ചിങ്, ബ്ലാക്ക്‌സ്റ്റോം എഴുത്ത് എന്നിവയ്ക്കാണ് ചുവപ്പ് നിറം നല്‍കിയിട്ടുള്ളത്. കറുപ്പ് നിറത്തിലാണ് അപ്‌ഹോള്‍ട്രി ഒരുക്കിയിട്ടുള്ളത്. റെഗുലര്‍ വേരിയന്റില്‍ രണ്ട് സ്പീക്കറുള്ള മ്യൂസിക് സിസ്റ്റമാണെങ്കില്‍ ബ്ലാക്ക്‌സ്റ്റോമിലെ മ്യൂസിക് സിസ്റ്റത്തിനൊപ്പം നാല് സ്പീക്കറുകളാണ് നല്‍കിയിരിക്കുന്നത്.മെക്കാനിക്കലായും മാറ്റം വരുത്താതെയാണ് കോമറ്റ് ബ്ലാക്ക്‌സ്‌റ്റോം എത്തുന്നത്. ഈ മോഡലും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *