Your Image Description Your Image Description

ചെറുതോണി : മൂന്നു മാസത്തിനുശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് സന്ദർശനം പുനരാരംഭിച്ചത്. വൈകീട്ട് നാലരവരെ ഇരുന്നൂറോളം പേർ അണക്കെട്ടുകൾ സന്ദർശിച്ചു. അണക്കെട്ടുകൾ സന്ദർശകർക്കായി തുറക്കുന്നത് എല്ലാവരും അറിഞ്ഞുവരുന്നതേയുള്ളൂ. അതിനാൽ വ്യാഴാഴ്ച സന്ദർശകർ കുറവായിരുന്നു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ്. മുൻപ് കുട്ടികൾക്ക് 20-ഉം മുതിർന്നവർക്ക് 40 രൂപയുമായിരുന്നു. എന്നാൽ, അന്ന് ബഗ്ഗികാറിന് പ്രത്യേകം പണം നൽകണമായിരുന്നു. പുതിയ നിരക്കിൽ ബഗ്ഗി കാറിന്‍റെ ചാർജും ഉൾപ്പെടുത്തിയിട്ടുണ്ട്.

അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് വെളിയിൽ പുതിയ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചു. ടിക്കറ്റ് ലഭിക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. അണക്കെട്ടിനടുത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ബഗ്ഗികാറുകളിലൂടെയാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. നടന്നുകാണുവാൻ അനുവാദമില്ല. പഴയ നാലു ബഗ്ഗികാറുകൾ കൂടാതെ പുതിയതായി രണ്ടെണ്ണംകൂടി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രണ്ടെണ്ണംകൂടി എത്തും. അപ്പോൾ എട്ടു ബഗ്ഗികാറുകളുണ്ടാകും. പഴയ ബഗ്ഗികാറിൽ എട്ടുപേർക്കും പുതിയതിൽ 13 പേർക്കും യാത്രചെയ്യാൻ കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *