Your Image Description Your Image Description

ചന്ദ്രനിൽ ഇനി മൊബൈൽ നെറ്റ് വർക്കും. നോക്കിയ ആണ് ചന്ദ്രനിലെ നെറ്റ് വർക്ക് പ്രൊവൈഡർ. അഥീന ലാൻഡറിനെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഫാൽക്കൺ 9 റോക്കറ്റിൽ IM-2 എന്നറിയപ്പെടുന്ന ​ദൗത്യത്തിന്റെ വിക്ഷേപണം. മാർച്ച് ആറിനാണ് പേടകം ചൊവ്വയിൽ ഇറങ്ങുക.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 100 മൈൽ (160 കി.മീ) ദൂരത്താണ് പേടകം ഇറങ്ങുക. തണുത്തുറഞ്ഞ ജലം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥിരമായി നിഴലുള്ള ഒരു ഗർത്തത്തിന് സമീപത്ത് പേടകം ഇറങ്ങുമെന്നാണ് നാസയും സ്പേസ് എക്സും വ്യക്തമാക്കുന്നത്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം നിർണയിക്കാനായുള്ള ​ഗവേഷണങ്ങളും ദൗത്യത്തിന്റെ ഭാ​ഗമായി നടക്കും.

ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കപ്പെടും. ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2 ദൗത്യത്തിന്റെ ഭാഗമായാണ് ഈ ദൗത്യം. നോക്കിയയുമായി ചേർന്നാണ് ചന്ദ്രനിൽ മൊബൈൽ നെറ്റ് വർക്ക് സ്ഥാപിക്കുന്നത്. നോക്കിയ വികസിപ്പിച്ച ലൂണാർ സർഫേസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (എൽ.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററിൽ ചന്ദ്രനിലെത്തുക. ഭൂമിയിൽ ഉപയോഗിക്കുന്ന അതേ സെല്ലുലാർ സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തിൽ കണക്ടിവിറ്റി എത്തിക്കുന്നതിനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഈ നെറ്റ് വർക്കിന്റെ സഹായത്തോടെ ഉയർന്ന നിലവാരത്തിൽ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കൺട്രോൾ ആശയവിനിമയങ്ങൾ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും. ഇന്റൂയിറ്റീവ് മെഷീൻസിന്റെ മൈക്രോ നോവ ഹോപ്പർ, ലൂണാർ ഔട്ട്‌പോസ്റ്റിന്റെ മൊബൈൽ ഓട്ടോണമസ് പ്രോസ്‌പെക്ടിങ് പ്ലാറ്റ്‌ഫോം (മാപ്പ്) റോവർ എന്നീ രണ്ട് വാഹനങ്ങളാണ് അഥീന ലാന്ററിൽ പര്യവേക്ഷണങ്ങൾക്കായി ചന്ദ്രനിലെത്തുക.

നോക്കിയയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് പുതിയ നെറ്റ് വർക്കിന്റെ സഹായത്തോടെയാണ് ഇത് ലാന്ററുമായി വിവരവിനിമയം നടത്തുക. മൊബൈൽ നെറ്റ് വർക്ക് വിന്യസിക്കുന്നതിനൊപ്പം നാസയുടെ പോളാർ റിസോഴ്‌സസ് ഐസ് മൈനിങ് എക്‌സ്പിരിമെന്റ്-1 (പ്രൈം-1) പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമായി നടത്തും. ചന്ദ്രോപരിതലത്തിൽ ദ്വാരമുണ്ടാക്കി സാമ്പിൾ ശേഖരിക്കുകയും സ്‌പെക്ട്രോമീറ്റർ ഉപയോഗിച്ച് വിശകലനം ചെയ്യുകയും ചെയ്യും. ബഹിരാകാശത്തെ ആശയവിനിമയ രംഗത്തെ നാഴികക്കല്ലാകുന്ന നേട്ടമായാണ് ശാസ്ത്രലോകം ഈ ദൗത്യത്തെ കാണുന്നത്. ആർട്ടെമിസ് ഉൾപ്പടെ ചന്ദ്രനിലെ മനുഷ്യരുടെ സ്ഥിരവാസം ലക്ഷ്യമിട്ടുള്ള ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് ഇത് നേട്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *