Your Image Description Your Image Description

കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യം വെയ്ക്കുന്ന വൈപ്പിന്‍  ഫോക് ലോര്‍    ഫെസ്റ്റ് ഡിസംബര്‍ ഒന്നു മുതല്‍ 31വരെ ദ്വീപിലെ വിവിധ വേദികളില്‍ നടക്കും. ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് വൈകുന്നേരം നാലു മണിക്ക് വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍  നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിക്കും. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.

വിജ്ഞാനവും  വിനോദവും സമന്വയിക്കുന്ന  ഫോക് ലോര്‍    ഫെസ്റ്റ് വൈപ്പിന്‍ മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനമാണ്  ലക്ഷ്യമിടുന്നത്. പ്ലാന്‍@എര്‍ത്ത് എന്ന എന്‍ജിഒ മണ്ഡലത്തിലെ സ്ത്രീകള്‍ക്കു നല്‍കിയ പാചക പരിശീലനത്തിന്റെ ഭാഗമായി  അടുക്കളകള്‍ക്കു അവധി നല്‍കുന്ന ‘കിച്ചണ്‍ ബന്ദ് ‘ ഡിസംബര്‍ ഒന്നിനും ഫുഡ് ഫെസ്റ്റിവല്‍ തുടര്‍ന്നു മൂന്നുവരെയും കുഴുപ്പിള്ളി ബീച്ചില്‍ നടക്കും. ഷോയും മണല്‍ ശില്‍പ നിര്‍മാണ മത്സരവും വിവിധ കലാപരിപാടികളും കുഴുപ്പിള്ളി ബീച്ചില്‍ അരങ്ങേറും.

ഫെസ്റ്റിന്റെ ഭാഗമായ  ‘മധുരം മലയാളം – കവിത്രയം പുനര്‍ജനിക്കുന്നു’ പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കവിതകളുടെ സംഗീതാവിഷ്‌കാരം, ക്വിസ്, പ്രസംഗ മത്സര വിജയികള്‍ക്ക് മൂന്നിന് വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍ പുരസ്‌കാരം നല്‍കും. അന്ന് നടക്കുന്ന മണ്ഡല- തല ക്വിസ് മത്സര വിജയികള്‍ക്ക് – യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ വിഭാഗങ്ങളില്‍ ഒന്നാമതെത്തുന്നവര്‍ക്കും രണ്ടാമതെത്തുന്നവര്‍ക്കും സമ്മാനം സ്പീക്കര്‍ നല്‍കും. ആമുഖമായി റവന്യൂ ജില്ലാ ജേതാക്കളായ എസ്എംഎച്ച്എസ് ചെറായി അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. തുര്‍ന്ന് അന്നു തന്നെ  എറണാകുളം ജില്ലയിലെ വിവിധ ഉപവിദ്യാഭാസ ജില്ലകളിലെ ഹൈസ്‌കൂള്‍, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം നടത്തും. ആദ്യ മൂന്നു  സ്ഥാനം  നേടുന്നവര്‍ക്ക് പുരസ്‌കാരങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. വൈകിട്ട് ആറു മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.

ഒന്‍പതു മുതല്‍ 13 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥ വ്യതിയാനം – വെല്ലുവിളികളും പരിഹാരങ്ങളും, വേമ്പനാട് കരയുന്നു എന്നീ വിഷയങ്ങളില്‍ ഒന്‍പതിനും ബ്ലൂ ഇക്കണോമി – സാധ്യതകളും ആശങ്കകളും, ജൈവ വൈവിധ്യവും മാനവരാശിയുടെ നിലനില്‍പ്പും എന്നീ വിഷയങ്ങളില്‍ 10നു ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.  പൊക്കാളി കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍, തീര സംരക്ഷണത്തിനും ആവാസ വ്യവസ്ഥയ്ക്കും കണ്ടല്‍കാടുകളുടെ പ്രസക്തി എന്നീ വിഷയങ്ങളില്‍ 11നും എ ഐ സര്‍ഗാത്മകതയും നിര്‍മിത ബുദ്ധിയും, റോബോട്ടിക്‌സ് വര്‍ക്ക്‌ഷോപ്പ് എന്നീ വിഷയങ്ങളില്‍ 12നും കര്‍ത്തേടം ബാങ്ക് ഹാളിലാണ് സെമിനാര്‍. 13നു സുസ്ഥിര വികസനം, ഭക്ഷ്യസുരക്ഷ, അക്വാ കള്‍ച്ചറും ഫിഷ് ഫാമിംഗും വിഷയങ്ങളില്‍ എടവനക്കാട് പുളിക്കനാട്ടു ഓഡിറ്റോറിയത്തിലും സെമിനാര്‍ നടക്കും.

സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആരംഭിച്ച സര്‍വ്വമത സമ്മേളന വാര്‍ഷികത്തിന്റെ സംസ്ഥാന തല സമാപനം ചെറായി വി വി സഭാഹാളില്‍  21, 22, 23 തീയതികളില്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വൈക്കം സത്യഗ്രഹ സ്മരണയും ഇതോടൊപ്പമുണ്ടാകും.  വിവിധ കലാപരിപാടികള്‍  അരങ്ങേറും. ‘ദൈവ ദശക ‘ത്തിന്റെ സംഗീത, നൃത്താവിഷ്‌കാരം ഗിന്നസ് ബുക്ക് ഫെയിം ധനുഷ സന്യാല്‍ അവതരിപ്പിക്കും. ഗുരുദേവ കൃതികളെ ആസ്പദമാക്കി കണ്ണൂര്‍ ലാസ്യയുടെ മനോഹരാവിഷ്‌കാരവും ഉണ്ടാകും.

21മുതല്‍ 26വരെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവയുണ്ടാകും. സംസ്ഥാന തല ഒപ്പന മത്സരം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറും.

വിവിധ വേദികളില്‍ ഗാനമേള ഉള്‍പ്പെടെ നടക്കും. കുഴുപ്പിള്ളി ബീച്ചില്‍ കുട്ടികള്‍ക്കായി പട്ടം നിര്‍മ്മാണം – പറത്തല്‍, ഗ്രേറ്റര്‍ കൊച്ചിന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായത്തോടെ ബീച്ച് ഗുസ്തി, വടംവലി, 100 കവികള്‍ പങ്കെടുക്കുന്ന കാവൃ സദസ് , ഫിലിം ഫെസ്റ്റ് – ചര്‍ച്ച എന്നിവയും നടക്കും. ക്രിസ്മസിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപാഡില്‍ നിന്ന് ബോള്‍ഗാട്ടി ജംഗ്ഷന്‍ വരെ പപ്പാഞ്ഞിമാരുടെ യാത്രയും സംഗമവും നടക്കും. ആയിരം പപ്പാഞ്ഞിമാര്‍ അണിചേരും. ഫോക്ലോര്‍ ഫെസ്റ്റ് വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കുമെന്നതാണ്. ഇതിനു രണ്ടര കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നു.

ഫോക് ലോര്‍    അക്കാദമി, സാംസ്‌കാരിക സ്ഥാപനങ്ങള്‍,  എന്നിവയോടു സഹകരിച്ചാണ് പരിപാടികള്‍. 31നു അര്‍ധരാത്രിയോടെ ഫെസ്റ്റ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വിഎഫ്എഫ് 24 സംഘാടക സമിതി ചെയര്‍മാന്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ കെ എസ് നിബിന്‍, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ബോണി തോമസ്, ഖജാന്‍ജി സുനില്‍ ഹരീന്ദ്രന്‍,  പ്ലാനറ്റ് എര്‍ത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, ഗ്രേറ്റര്‍ കൊച്ചിന്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡിന്റ് ഷൈന്‍ ആന്റണി എന്നിവര്‍ എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *