Your Image Description Your Image Description

സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ അടുത്താണ് പുറത്തു വന്നത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് എ ആർ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം റഹ്മാന്റെ ട്രൂപ്പിലെ ​ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ ചർച്ചകളുയർന്നു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഇതിനുപിന്നാലെ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എ.ആർ. റഹ്മാൻ.

എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാൽ ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.

“തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോ​ഗ്രാമിലും, അശ്ലീല ഉള്ളടക്കങ്ങൾ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിൻ്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എൻ്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ വ്യക്തികൾ അവരുടെ പ്രൊഡക്ഷനുകൾക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമയ്ക്കുകയുമാണ്.

അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.” വക്കീൽ നോട്ടീസിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *