Your Image Description Your Image Description

തിരുവനന്തപുരം : സ്കൂൾ വിദ്യാഭ്യാസത്തിൻ്റെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും കേരള മാതൃക കേവലം സ്ഥാപനങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, ശാക്തീകരിക്കപ്പെട്ട, പ്രബുദ്ധതയുള്ള വ്യക്തികളെ പരിപോഷിപ്പിക്കൽ കൂടിയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

അക്കാദമിക് പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി ജില്ലയിലെ മൂന്ന് സ്കൂളുകളിലായി പുതുതായി നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടേയും ഹയർ സെക്കന്ററി ലാബ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാരമ്പര്യത്തോടൊപ്പം പുതുമയും സമത്വവും മികവും വിദ്യാഭ്യാസവും സുസ്ഥിരതയും സന്തുലിതമാക്കുന്ന മാതൃകയാണ് കേരളം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള മാതൃക എന്നത് കാലത്തിനനുസരിച്ച് വികസിക്കുന്ന ഒന്നാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുമ്പോൾ, ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ നമ്മുടെ സ്‌കൂളുകൾ സജ്ജമാകണം. അടിസ്ഥാന സൗകര്യ വികസനം ഒരു ലക്ഷ്യത്തിലേക്കുള്ള ഒരു ഉപാധി മാത്രമല്ല; അത് നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളിലും അഭിലാഷങ്ങളിലുമുള്ള നിക്ഷേപമാണ്. നമ്മുടെ ക്ലാസ് മുറികളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും അവയെ നവീകരണത്തിൻ്റെയും പഠനത്തിൻ്റെയും കേന്ദ്രമാക്കി മാറ്റുന്നതിനുമായി നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മിതൃമ്മല ഗവ. ബോയ്‌സ് ഹയർ സെക്കൻ്ററി സ്‌കൂളിൽ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി വിനിയോഗിച്ച് നിർമ്മിച്ച ഹയർ സെക്കന്ററി ലാബ് ബ്ലോക്കിൻ്റെയും നെടുമങ്ങാട് കൊല്ല, ഭരതന്നൂർ ഗവ: എൽ.പി സ്കൂളുകളിലും പൊതുവിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടേയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.

മൂന്ന് സ്കൂളുകളിലായി നടന്ന ചടങ്ങുകളിൽ ഡി.കെ മുരളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വാമനപുരം ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ,ശ്രീവിദ്യ, പാങ്ങോട് ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം ഷാഫി, കല്ലറ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അം​ഗങ്ങൾ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *