Your Image Description Your Image Description

ഹൈദരാബാദ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്നഗർ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ 4.8 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹൈബരാബാദ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ഹൈദരാബാദ് എസ്.ബി.ഐ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു.സുനിൽ കുമാർ, ഭാസ്കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ് പിടിയിലായത്. 2020 ജൂണിനും 2023 ജൂണിനുമിടയിലെ സനത്നഗർ ശാഖയിലെ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് എസ്.ബി.ഐയുടെ നിലവിലെ സനത്നഗർ ബ്രാഞ്ച് മാനേജർ രാമചന്ദ്ര രാഘവേന്ദ്ര പ്രസാദ് പാപ്പാരപ്പട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഹൈദരാബാദ് ബ്രാഞ്ചിലെ 67 എസ്.ബി.ഐ അക്കൗണ്ടുകളിൽ വായ്‌പാ തട്ടിപ്പുകൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.

കാർത്തിക് റായിയും കൂട്ടാളികളും എസ്.ബി.ഐയുടെ വായ്‌പാ പദ്ധതികളും അനധികൃതമായി അനുവദിച്ച വായ്പാ തുകയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ ഈടിന്റെ അടിസ്ഥാനത്തിൽ അനധികൃത വായ്പ‌കൾക്ക് അംഗീകാരം നൽകൽ, പുതിയ വായ്പകൾക്ക് അംഗീകാരം നൽകൽ, ബന്ധപ്പെട്ട ഉപഭോക്താക്കൾ അറിയാതെ പണം മൂന്നാം കക്ഷി അക്കൗണ്ടുകളിലേക്ക് വകമാറ്റൽ, സ്ഥിരനിക്ഷേപം വകമാറ്റൽ, മരണപ്പെട്ട ഇടപാടുകാരുടെ ഫണ്ട് ക്ലെയിം ചെയ്യലും വകമാറ്റലും എന്നിവ തട്ടിപ്പിൽ ഉൾപ്പെടുന്നു. നിയമപരമായ അനന്തരാവകാശികളുടെ അറിവില്ലാതെ ശാഖയിലെ നിക്ഷേപം വഴിതിരിച്ചുവിടാൻ കൃത്രിമം കാണിക്കുകയും പരസ്പര നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനമുണ്ടാക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. വ്യാജ സാലറി സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും നിർമിച്ച് വായ്‌പയെടുത്തവരെ ശമ്പളക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

വഞ്ചനയുടെ സൂത്രധാരൻ മുഹമ്മദ് വാജിദും ബ്രാഞ്ച് മാനേജർ കാർത്തിക് റായിയും അധികാരം ദുരുപയോഗപ്പെടുത്തി ആവശ്യമായ പരിശോധനാ പ്രക്രിയ നടത്താതെ അനർഹമായ വായ്പാ അപേക്ഷകൾ അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരം വഞ്ചന, പൊതുസേവകർ, ബാങ്കർമാർ എന്നിവരുടെ ക്രിമിനൽ വിശ്വാസവഞ്ചന, വിലയേറിയ സെക്യൂരിറ്റികളുടെ വ്യാജരേഖ ചമക്കൽ, വഞ്ചന ലക്ഷ്യമിട്ടുള്ള വ്യാജരേഖ ചമക്കൽ, വ്യാജ രേഖയുടെ യഥാർത്ഥ ഉപയോഗം, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം സൈബരാബാദ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *