Your Image Description Your Image Description

തിരൂർ: തിരൂർ താലൂക്കിലെ ബി.പി.എൽ. എ.എ.വൈ റേഷൻ കാർഡ് ഉപഭോക്താക്കൾക്കാണ് മസ്റ്ററിങ് ക്യാമ്പ് നടത്തിയത്. ബുധനാഴ്ച‌ നടന്ന മസ്റ്ററിങ്ങിൽ താലൂക്കിലെ കുട്ടികളും പ്രായമുള്ളവരുമടക്കം നിരവധി പേരാണ് എത്തിയത്. 1642 പേർക്ക് മാത്രമാണ് മസ്റ്ററിങ് ചെയ്യാൻ സാധിച്ചത്. ആധാർ അപ്ഡേഷൻ ചെയ്യാത്ത നിരവധി കുട്ടികൾക്ക് മസ്റ്ററിങ് ചെയ്യാനായതുമില്ല. റേഷൻ കാർഡ് മസ്റ്ററിങ്ങിൽ റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ വിരൽ വെച്ചിട്ടും വിരൽ പതിയാത്തവർക്കായി തിരൂർ സപ്ലൈ ഓഫിസിന് സമീപം നടത്തിയ ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ്ങിന് വൻ തിരക്ക്. ആറ് ഐറിസ് ക്യാമറകൾ ഉപയോഗിച്ചാണ് മസ്റ്ററിങ്.തിരൂർ താലൂക്കിലെ താനാളൂർ, ഒഴൂർ, മാറാക്കര പഞ്ചായത്തുകൾ ഒഴികെയുള്ള പഞ്ചായത്തുകളിലെ 266 റേഷൻ കടകളിൽനിന്നുള്ളവരാണ് മസ്റ്ററിങ്ങിൽ പങ്കെടുക്കുന്നത്. താനാളൂർ, ഒഴൂർ, മാറാക്കര പഞ്ചായത്തുകളിലുള്ളവർക്ക് കഴിഞ്ഞ ആഴ്‌ചകളിൽ മസ്റ്ററിങ് സംഘടിപ്പിച്ചിരുന്നു.വ്യാഴാഴ്‌ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ മസ്റ്റ റിങ് ക്യാമ്പ് നടക്കും. തിരൂർ താലൂക്കിൽ 81 ശതമാനം മസ്റ്ററിങ് പൂർത്തിയായതായി താലൂക്ക് സപ്ലൈ ഓഫിസർ കെ.സി. മനോജ്കുമാർ പറഞ്ഞു. വരും ദിവസങ്ങളിലേക്കും മസ്റ്ററിങ് നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *