Your Image Description Your Image Description

മലപ്പുറം: മലപ്പുറം ജില്ലയിലൂടെ ഓടുന്ന 22 ട്രെയിനുകൾക്ക് ഒരു സ്റ്റേഷനിലും സ്റ്റോപ്പ് ഇല്ല എന്നത് പ്രതിഷേധാർഹമാണ്, കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ മലപ്പുറത്തിന്റെ ജനങ്ങൾ യാത്രക്ക് വലിയ പ്രയാസമാണ് നേരിടുന്നതെന്നു റസാഖ് പാലേരി പറഞ്ഞു. 50 ലക്ഷത്തോളം ആളുകൾക്ക് താമസിക്കുന്ന ജില്ലയിലൂടെ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകാത്തത് വലിയ അനീതിയാണെന്നും ഇത് സ്ഥാപിക്കും വരെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ട്രെയിൻ യാത്ര കൂടുതൽ ദുരിതപൂർണമായിരിക്കുന്ന സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാനും കേരളത്തിന്റെ സമഗ്രമായ റെയിൽവെ വികസനത്തിനുമായി സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന് വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി പറഞ്ഞു.

 

യാത്രദുരിതം പരിഹരിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാസർകോട് നിന്ന് പാലക്കാട്ടേക്ക് സംഘടിപ്പിച്ച റെയിൽ പ്രക്ഷോഭ യാത്രയുടെ ഭാഗമായി തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ അവലംബമായ റെയിൽവെ യാത്ര കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ സമീപനം കാരണം ദുരിതപൂർണ്ണമായിരിക്കുകയാണ്. ദക്ഷിണ റെയിൽവെക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ആദ്യത്തെ പത്ത് സ്റ്റേഷനുകളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ ഉണ്ട്. ഇന്ത്യയിൽ തന്നെ റെയിൽവേയ്ക്ക് വൻതോതിൽ വരുമാനം നൽകുന്ന സംസ്ഥാനം ആയിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. യാത്രക്കാരുടെ വർദ്ധനവിനനുസരിച്ച് പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറാകുന്നില്ല. എല്ലാ ട്രെയിനുകളും നിറഞ്ഞു കവിഞ്ഞാണ് ഓടിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ സമയക്രമം കൊണ്ടും സിഗ്നൽ സംവിധാനങ്ങൾ ആധുനികവൽകരിക്കാത്തത് കൊണ്ടും ട്രെയിനുകളിലെ യാത്ര അതീവ പ്രയാസകരമായിരിക്കുകണ്.

 

മലബാർ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്. മലബാറിലൂടെ ഓടുന്ന ട്രെയിനുകളിലെ വീർപ്പ് മുട്ടിക്കുന്ന തിരക്കിൽ ശ്വാസം മുട്ടി സ്ത്രീകളും കുട്ടികളുമടക്കുള്ള യാത്രക്കാർ ബോധരഹിതരാകുന്ന സ്ഥിതി ഉണ്ടാകുന്നു. 72 പേർക്ക് ഇരിക്കാൻ കഴിയുന്ന കോച്ചുകളിൽ 300 ന് മുകളിൽ യാത്രക്കാരാണ് സഞ്ചരിക്കുന്നത്. കോവിഡ് കാലത്ത് നിർത്തലാക്കിയ പല സർവ്വീസുകളും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാർക്ക് ഉപകാരപ്രദമായ സമയങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ട്രെയിനുകളുടെ സമയം മാറ്റിയത് ദുരിതം വർദ്ധിപ്പിച്ചു. വിദ്യാർത്ഥികളും ജോലിക്കാരും രോഗികളുമടങ്ങുന്ന യാത്രക്കാരുടെ ആശ്രയമാണ് പാസഞ്ചർ ട്രെയിനുകൾ. എന്നാൽ ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകൾ ഈ റൂട്ടുകളിൽ ഇപ്പോഴും ഓടുന്നില്ല. ആവശ്യത്തിനുള്ള കമ്പാർട്ട്മെന്റുകൾ ഇല്ലാത്തതിനാൽ റിസർവ്ഡ് യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തിയാൽ യാത്രാദുരിതം കുറയ്ക്കാനാകുമെങ്കിലും അതിനും റെയിൽവേ തയ്യാറാകുന്നില്ല. മറ്റൊരു പ്രധാന പ്രശ്നം സിഗനൽ സംവിധാനം ആധുനികവത്കരിക്കാത്തതാണ്.

 

വന്ദേ ഭാരതിനും മറ്റ് ദീർഘദൂര ട്രെയിനുകൾക്കും വേണ്ടി പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നത് പതിവായിരിക്കുന്നു. മലബാറിലെ റെയിൽവേ വികസനം പാലക്കാട് ഡിവിഷൻ കീഴിലാണ് നടക്കുന്നത്. എന്നാൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാൻ പാടില്ല. ഡിവിഷൻ വിഭജനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും മുന്നോട്ടു വരണം ഒട്ടു മിക്ക ട്രെയിനുകളുടെയും കോച്ചുകൾ കാലപ്പഴക്കം സംഭവിച്ചതാണ്. യാത്ര ചെയ്യാൻ കഴിയാത്ത വണ്ണം വൃത്തിഹീനമാണ് കോച്ചുകൾ. പുതിയ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. ഇത് സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കലാണ്. അടിസ്ഥാന യാത്രാസൗകര്യങ്ങൾ ഒരുക്കാതെ റെയിൽവേ സ്റ്റേഷനുകളെ മാളുകൾ ആക്കി മാറ്റുവാനാണ് റെയിൽവേ ശ്രമിക്കുന്നത്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനുള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പോലും സംവിധാനിക്കുന്നില്ല. ഇതിനെല്ലാം പരിഹാരമായി കേരളത്തിന് വേണ്ടി സ്പെഷ്യൽ റെയിൽവേ പാക്കേജ് തയ്യാറാക്കുവാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാവുകയാണ് വേണ്ടത്.

 

കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സ്വീകരണം നൽകി. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് പരപ്പനങ്ങാടി താനൂർ തിരൂർ എന്നീ സ്ഥലങ്ങളിൽ സ്വീകരണം നൽകി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ, ജബീന ഇർഷാദ് സംസ്ഥാന സെക്രട്ടറിമാരായ പ്രേമജി പിഷാരടി, മിർസാദ് റഹ്മാൻ, മുജീബ് പാലക്കാട് അദ്ദേഹത്തെ അനുഗമിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ, ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ ജില്ലാ നേതാക്കളായ വഹാബ് വട്ടം, ഇബ്രാഹിംകുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ, അഷ്റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, റജീന വളാഞ്ചേരി എന്നിവർ ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകുന്നതിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *