Your Image Description Your Image Description

തിരുവനന്തപുരം:ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് ഒഴിവാക്കി, ഭക്തരുടെ പ്രവേശനം പൂർണമായി വിർച്ച്വൽ ക്യൂ വഴി നിയന്ത്രിക്കുന്നതിനുള്ള തീരുമാനമാണ് പുതിയ വിവാദത്തിന് അടിത്തറ പാകുന്നത്. ഭക്തരെ അകറ്റി ശബരിമലയുടെ പ്രാധാന്യം കുറയ്ക്കാനുള്ള കമ്യൂണിസ്റ്റ് നീക്കമായി ഇതിനെ സംഘപരിവാർ ഇതിനകം തന്നെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്തർക്കു ദർശനം നിഷേധിക്കപ്പെട്ടാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും അടങ്ങിയിരിക്കില്ല. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിനിടെ ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവ് നടത്തിയ ‘സുവർണാവസരം’ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്. സ്ത്രീ പ്രവേശന വിവാദത്തിന്‍റെ കാലത്ത് രാഷ്ട്രീയ നേട്ടത്തിനായി പലരും ഈ വിഷയം ഉപയോഗപ്പെടുത്തിയിട്ടുമുള്ളതാണ്. സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞത്.കഴിഞ്ഞ തീർഥാടനകാലത്ത് ആദ്യ ഘട്ടത്തിൽ വെർച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്കുമാണ് ഒരു ദിവസം ദർശനം അനുവദിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ അത് എൺപതിനായിരവും പതിനായിരവുമായി കുറച്ചു. ഇതാണ് ഇത്തവണ 80,000 ആക്കുന്നത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ സീസണിൽ തിരക്ക് ക്രമാതീതമായി പെരുകിയ സാഹചര്യത്തിൽ പല ഭക്തർക്കും ദർശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു. ദർശനം കിട്ടാത്ത പലരും മറ്റു പല ക്ഷേത്രങ്ങളിലും പോയി മാലയൂരി മടങ്ങിയെന്നും വാർത്തകളുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രധാന പോയിന്‍റുകളിലെങ്കിലും സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിച്ചേക്കും.ഓൺലൈനായി നടത്തുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിനെക്കുറിച്ച് അറിയാത്ത പല തീർഥാടകരും എത്തിച്ചേരുമെന്ന് ഉറപ്പാണ്. വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തർക്കിടയിൽ വ്യാപകമായ പ്രചാരണം നടത്ത‌ിയാൽ മാത്രമേ ഇക്കാര്യത്തിൽ ബോധവത്കരണം സൃഷ്ടിക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സഹായവും തേടിയേക്കും.അതേസമയം, ഭക്തരുടെ സുരക്ഷയ്ക്കാണു വെർച്വൽ ക്യൂ എന്നതാണു ദേവസ്വം ബോർഡിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *