Your Image Description Your Image Description

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു.

ജൂലൈ 30ന് ഉരുൾപ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചിൽ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തിരഞ്ഞു. തിരച്ചിൽ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാൽ ഫലമുണ്ടായില്ല. 72 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തിരച്ചിലിന്റെ കാര്യത്തിൽ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് ദുരന്തബാധിതർക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി.

ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ദുരന്തബാധിതരുടെ വായ്പകളിൽ പലയിടത്തും തുടർനടപടികൾ സ്വീകരിക്കുകയാണ്

ദേശസാൽകൃത, സഹകരണ ബാങ്കുകളിലുള്ള മുഴുവൻ ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. എല്ലാ വായ്പകളും മുഴുവനായി എഴുതിത്തള്ളാൻ ആവശ്യമായ നടപടി കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണം. ഇത്രദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തതിന് പിന്നിൽ ഇരുസർക്കാരുകളുടെയും വീഴ്ചയാണ്. ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സർവകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെ സഹായിക്കാൻ ഇത് കൊണ്ട് കഴിയുമായിരുന്നു. നിർഭാഗ്യവശാൽ അത്തരം കമ്മിറ്റി തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയിൽപ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികൾ കേൾക്കുന്ന സാഹചര്യമാണ്. സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *