Your Image Description Your Image Description

അങ്ങനെ ചരിത്രത്തിലാദ്യമായി സിപിഎം നാഥനില്ല കളരിയായി. മുമ്പെങ്ങുമില്ലാത്തത്ര പ്രതിസന്ധിയിലാണ് സിപിഎം അകപ്പെട്ടിരിക്കുന്നത്. പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണശേഷം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ പോലും അവർക്ക് സാധിച്ചില്ലന്നുള്ളത് അവരുടെയുള്ളിൽ നടക്കുന്ന ഉൾ പാർട്ടി സംഘർഷത്തിന്റെ നേർക്കാഴ്ചയാണ്.

ഏതൊരു രാഷ്ട്രീയ പാർട്ടിയും അവരുടെ മുഖ്യ കാര്യക്കാരന് ആകസ്മിക മരണമുണ്ടായാൽ അടിയന്തരമായി യോഗം ചേർന്ന് അടുത്ത നേതാവിനെ തെരഞ്ഞെടുത്ത ശേഷം മാത്രമേ ആ മൃതദേഹത്തിന്റെ സംസ്കാരം പോലും ഉണ്ടാവുകയുള്ളൂ.

1984 ൽ ഇന്ദിരാഗാന്ധിയുടെ മരണത്തോടനുബന്ധിച്ച് കൽക്കട്ടയിലായിരുന്ന രാജീവ് ഗാന്ധിയെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ കൊണ്ടു വന്ന് ഉത്തരവാദിത്വങ്ങളേൽപ്പിച്ചത് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല.
ദിവസങ്ങളോളം മരണ ശയ്യയിലായിരുന്ന പാർട്ടി സെക്രട്ടറിയാണ് മൺ മറഞ്ഞത്.

എന്നിട്ടും മരിച്ചു കഴിഞ്ഞിത്രയും ദിവസമായിട്ടും ഒരു സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത്തിൽ പല ഊഹാപോഹങ്ങളും പുറത്തു പ്രചരിക്കുന്നുണ്ട് . . അത് അവർക്ക് ഉള്ളിലെ പടല പിണക്കങ്ങളുടെ വ്യക്തമായ സൂചനയാണന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ ? .

കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഒരു സെക്രട്ടറിയെ തിരഞ്ഞെടുക്കാത്തതുകൊണ്ട് ഈ രാജ്യത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ പാർട്ടി തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഈ വേളയിൽ പാർട്ടിയുടെ തലപ്പത്ത് ഒരാളില്ലന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും , ഒരു കമ്മ്യൂണിസ്റ്റുകാരനെയും സംബന്ധിച്ചിടത്തോളം വേദനയുളവാക്കുന്ന കാര്യമാണ്.

പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിൽ പാർട്ടിയുടെ നയപരമായ കാര്യങ്ങൾ പുറത്തു വിടുന്നത് അവരുടെ രാഷ്ട്രീയ പ്രമേയത്തിലൂടെയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു പാർട്ടി സെക്രട്ടറിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രിവിലേജാണ് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയെന്നുള്ളത്.

സാധാരണ ഗതിയിൽ മൂന്ന് രീതിയിലുള്ള പ്രമേയങ്ങളാണ് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുണ്ടാകാറുള്ളത്. ഒന്ന് പ്രവർത്തന റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുതൽ ഇതുവരെയുള്ള പാർട്ടിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയാണ്
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പിന്നീടുള്ളതാണ് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ അടുത്ത നാല് വർഷത്തെ ദിശാ സൂചികയാണത്. അവസാനത്തെതു രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്.രാഷ്ട്രീയ പ്രമേയത്തെ സംഘടന ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്ന് പാർട്ടി അണികൾക്ക് നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണത്.

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് സംസാരിക്കുമ്പോൾ അവരുടേത് ഒരു രാഷ്ട്രീയ കക്ഷിയും ഒപ്പം ഒരു സംഘടനയുമാണ്. അവർ പൊതുവെ ഉപയോഗിക്കാറുള്ള വാക്ക് രാഷ്ട്രീയ സംഘടന പ്രവർത്തനമെന്നാണ്.

അതിൽ നിന്നും അർത്ഥമാക്കുന്നത് സംഘടനയുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയമാണന്നാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും സീതാറാം യെച്ചൂരി മൺ മറഞ്ഞതോടു കൂടി പാർട്ടി യഥാർത്ഥത്തിൽ നാഥനില്ലാത്ത കളരിയായി .

മറ്റൊരു സന്ദർഭവവും പോലെയല്ല , പാർട്ടിയുടെ പ്രാഥമിക ഘടകങ്ങളിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ പാർട്ടിയുടെ തലപ്പത്ത് ഒരാളില്ലാതെ വന്നാൽ മാർക്സിസ്റ്റ് പാർട്ടിയെ പോലെ ഉള്ള ഒരു പാർട്ടിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല.

ഒരു മുൻ സെക്രട്ടറി അവിടെ നിൽപ്പുണ്ട്. അദ്ദേഹത്തിന് താൽക്കാലിക ചാർജ് പോലും കൊടുക്കാൻ പറ്റാത്ത രീതിയിലുള്ള ഉൾ പാർട്ടി സംഘർഷമാണവിടെ നടക്കുന്നതെന്നാണ് കരക്കമ്പി . പാർട്ടിക്ക് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കാൻ വേണ്ടിയെങ്കിലും ഒരു പാർട്ടി സെക്രട്ടറി അനിവാര്യമായിരിക്കുന്ന ഈ സന്ദർഭത്തിൽ ഒരു താൽക്കാലിക സെക്രട്ടറിയെ പോലും നിയമിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *