Your Image Description Your Image Description

അങ്ങനെ ഒടുവിൽ അരവിന്ദ് കേജ്‌രിവാളിന്റെ പിന്‍ഗാമിയായി ഡല്‍ഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി എത്തുന്നു . മദ്യനയക്കേസില്‍പ്പെട്ട് അറസ്റ്റിലായതോടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വഴിമാറാന്‍ കേജ്‌രിവാൾ സ്വയം തീരുമാനിക്കുകയായിരുന്നു .

ഇന്ന് ചേർന്ന നിയമ സഭാ കക്ഷി യോഗത്തിൽ അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത് . ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയിലേക്ക് അതിഷി എന്ന 43 വയസ്സ് കാരി എത്തുമ്പോള്‍ അവര്‍ നിസാരക്കാരിയല്ലന്നുറപ്പാണ്. ആരാണ് അതിഷി, എന്താണ് അവരുടെ യോഗ്യതയും പ്രവര്‍ത്തന ചരിത്രവും? ഇന്ന് രാവിലെ മുതൽ ഗൂഗിളിൽ തിരയുന്ന ചോദ്യമാണ് .

ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ വിജയ് സിംഗിന്റേയും ത്രിപ്ത വാഹിയുടേയും മകളായി 1981 ജൂണ്‍ എട്ടിനായിരുന്നു അതിഷി മര്‍ലേന സിംഗിന്റെ ജനനം. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം ഡല്‍ഹിയില്‍ തന്നെ . ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും 2001 ല്‍ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ അതിഷിയുടെ ഉപരിപഠനം ഓക്സ്ഫഡ് സര്‍വകലാശാലയിലായിരുന്നു.

സ്‌കോളര്‍ഷിപ്പോടെ 2003 ല്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, റോഡ്‌സ് സ്‌കോളറായി ഓക്സ്ഫഡിലെ മഗ്‌ദലൻ കോളേജില്‍ നിന്നും വിദ്യാഭ്യാസ ഗവേഷണത്തില്‍ രണ്ടാം മാസ്റ്റേഴ്സും 2005 ല്‍ പൂര്‍ത്തിയാക്കി.

അത് കഴിഞ്ഞു ഏഴ് വര്‍ഷം ആന്ധ്രാപ്രദേശിലെ ഋഷി വാലി സ്‌കൂളില്‍ ചരിത്രവും ഇംഗ്ലീഷും പഠിപ്പിക്കുന്നതിനൊപ്പം , പുരോഗമനപരായ വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നല്‍കുന്നതിനും ശ്രമിച്ചു. ഇതിനൊപ്പം ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു.

2013 ല്‍ ആംആദ്മി പാര്‍ട്ടിയില്‍ അംഗമായ അതിഷി പാര്‍ട്ടിയുടെ നയരൂപീകരണത്തിലും പങ്കാളിയായി. 2015 ല്‍ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി.

ആംആദ്മി സര്‍ക്കാരിന് കീഴില്‍ ഡല്‍ഹി വിദ്യാഭ്യാസ മേഖലയിലുണ്ടായ സമഗ്ര പുരോഗതിക്കും മികച്ച മുന്നേറ്റത്തിനും വലിയ പങ്ക് വഹിച്ചത് അതിഷിയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. തോന്നിയപോലെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും സ്വകാര്യ സ്‌കൂളുകളെ തടയുന്നതിന് നിയമം കര്‍ക്കശമാക്കിയതും ശ്രദ്ധേയമായ നീക്കമായിരുന്നു.

2018 ല്‍ മര്‍ലേന എന്ന കുടംബപ്പേര് ഉപേക്ഷിച്ച് തന്റെ പേര് അതിഷി എന്നായി തിരുത്തി . 2019 ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഗൗതം ഗംഭീറിനോട് തോറ്റു. 2020 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും വിജയിച്ചു.

നഗര വികസനത്തിന്റെ ആഗോള മാതൃകയായി ഡല്‍ഹിയെ ഉയര്‍ത്തിക്കാട്ടി, 2022 ല്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു . പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ കഴിയുന്നതും ഭരണ മികവും അതിഷിയുടെ ഏറ്റവും വലിയ സവിശേഷതയാണന്ന് രാഷ്ട്രീയ ലോകം പിന്നീട് മനസിലാക്കി.

സര്‍ക്കാരിനെ പിടിച്ചുലച്ച മദ്യനയ ക്കേസില്‍പ്പെട്ട് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ചതോടെ 2023 മാര്‍ച്ചില്‍ അതിഷി ഡല്‍ഹി കാബിനറ്റിലെത്തി. ധനകാര്യം, ആസൂത്രണം, പൊതുമരാമത്ത്, വനിതാ ശിശു ക്ഷേമം, സാംസ്‌കാരികം, ടൂറിസം, ജലം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പബ്ളിക് റിലേഷന്‍സ് തുടങ്ങിയ 14 സുപ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്യുന്നു .

ഡല്‍ഹി സര്‍ക്കാരിലെ ഏക വനിതാ മന്ത്രിയായ അതിഷി തന്നെയാണ് ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതും. മദ്യനയക്കേസില്‍ മാര്‍ച്ച് 21 ന് അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായ ശേഷം, പാര്‍ട്ടിയുടെ പല ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ച അതിഷി ആംആദ്മി പാർട്ടിയുടെ മുഖമായി മാറി.

ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് നല്‍കിവന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറച്ചതിനെതിരെ ജൂണ്‍ മാസത്തില്‍ അതിഷി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവരുടെ പോരാട്ടവീര്യത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റേയും പ്രതീകമായി.

ആരോഗ്യം മോശമായി ആശുപത്രിയിലായതിന് ശേഷവും സമരത്തില്‍ നിന്നും പിന്‍മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി നിവാസികള്‍ നേരിടുന്ന ജലക്ഷാമം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ അതിഷിക്ക് സാധിച്ചു. കൂടാതെ, വകുപ്പുകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഭരണ നിര്‍വഹണം കാര്യക്ഷമ മാക്കുന്നതിനും അതിഷിക്ക് സാധിച്ചു.

ജയിലിലായിരുന്ന അരവിന്ദ് കേജ്‌രിവാള്‍ ഓഗസ്റ്റ് പതിനഞ്ചിന് ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത് അതിഷിയോടായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.

Leave a Reply

Your email address will not be published. Required fields are marked *