Your Image Description Your Image Description

മല പോലെ വന്നത് എലി പോലെ പോയില്ല. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത് കുമാറിനെ ഇനി ഒരു നിമിഷം പോലും ആകസേരയിൽ ഇരുത്തരുതെന്ന് പി വി അൻവറുടെ ശാഠ്യവും , ഇരുത്തില്ലെന്ന സി.പി.ഐ, ആർ.ജെ.ഡി,എൻ.സി.പി എന്നീ ഘടകകക്ഷി നേതാക്കളുടെ വീറും വാശിയും മഞ്ഞുപോലെ അലിഞ്ഞുപോയി .

സി.പി.എമ്മിന്റെ വാക്കുകൾ കേട്ട് ‘റാൻ” മൂളുകയോ മൗനം സമ്മതമാക്കുകയോ ആണ് എൽ.ഡി.എഫ് യോഗങ്ങളിലെ പതിവു കാഴ്ച . പക്ഷെ ഇത്തവണ ആ കളി നടക്കില്ലെന്ന് ചിലരൊക്കെ കരുതിയിരുന്നു . കുറ്റം പറയരുതല്ലോ; എ.ഡി.ജി.പിയെ നീക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും മൂന്ന് കക്ഷികളുടെയും നേതാക്കൾ ആവശ്യപ്പെട്ടു .

എ.ഡി.ജി.പിക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്താമെന്നും, അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും ഉപദേശിച്ച് പിണറായി സഖാവ് അവരുടെ വായടപ്പിച്ചു. മറ്റ് ഘടകക്ഷികളാവട്ടെ വായ് തുറന്നതുമില്ല. എല്ലാം ആരംഭ ശൂരത്വത്തിൽ ഇടതുമുന്നണിയോഗം കലാശിച്ചു.

തങ്ങളുടെ വീര്യം കെട്ടിട്ടില്ലെന്നും, തത്കാലത്തേക്ക് വഴങ്ങിക്കൊടുത്തതാണെന്നുമാണ് ഘടകകക്ഷി നേതാക്കൾ യോഗം കഴിഞ്ഞു പറഞ്ഞത്. ‘മുഖ്യമന്ത്രി സ്വന്തം വീട്ടിൽ നിന്നു വന്നതല്ല,​ പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയത്.” മുഖ്യമന്ത്രിയുടെ ഓഫീസിന്റെയുംസംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും കടിഞ്ഞാൺ പിടിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും,’സൂപ്പർ ഡി.ജി.പി”യായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ ബോംബ് പൊട്ടിച്ച അൻവറിന്റെ വാക്കുകളും ഇതിനിടയിൽ ചീറ്റിപ്പോയി .

എ.ഡി.ജി.പി അജിത് കുമാറിന്റെ അധോലോക പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന പി.ശശി, മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നുവെന്നായിരുന്നു അൻവറിന്റെ ആദ്യ ആരോപണം. പക്ഷേ, നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അൻവർ,​ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി എഴുതി നൽകിയപ്പോൾ പി. ശശിയുടെ പേര് അതിലില്ല.

മറവികൊണ്ട് വിട്ടുപോയാതായിരിക്കും . അതോ ഭയംകൊണ്ട് എഴുതാതിരുന്നതാണോ ? പരാതിയില്ലാതെ ശശിക്കെതിരെ എന്തന്വേഷണം നടത്താനാ ?​ മുഖ്യമന്ത്രിയും ഗോവിന്ദൻ മാഷും കൈ മലർത്തി. ശശിക്കെതിരായ പരാതിക്കത്തുമായി അൻവർ വീണ്ടും തലസ്ഥാനത്തേക്കെത്തി .

പക്ഷേ, അപ്പോഴേക്കും ഇരു നേതാക്കളും ഡൽഹിക്കു പറന്നിരുന്നു,​ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ. അവർ തിരിച്ചു വരുന്നതും കാത്ത് മൂപ്പര് തലസ്ഥാനത്ത് മ്യൂസിയവും മൃഗശാലയുമൊക്കെ കണ്ട് കറങ്ങി നടന്നു.

അതിനിടെയാണ് ഗോവിന്ദൻ മാഷിന്റെ ഉണ്ടയില്ലാ വെടി. വ്യക്തി നേതാവാകുന്നത് പാർട്ടിയിലൂടെയാണെന്നും,വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് നിൽക്കേണ്ടതെന്നുമാണ് മാഷിന്റെ സുവിശേഷം.

‘ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവെന്ന പദവി ലഭിക്കുന്നത് പാർട്ടിയിൽ നിന്നാണ്. തിരുത്തും ഗ്രഹങ്ങളുമായി ഇനിയും നിൽക്കാൻ ശ്രമിച്ചാൽ ആര് വിചാരിച്ചാലും രക്ഷപ്പെടുത്തനാവില്ലത്രെ .

” അപാര ധൈര്യംതന്നെ! പക്ഷേ തിരുവനന്തപുരത്തുവച്ച് പാർട്ടി സെക്രട്ടേറിയറ്റിലോ മറ്റോ പറയേണ്ടത് മാഷ് അങ്ങ് പാലക്കാട്ട് പോയി പറഞ്ഞതെന്തിന്?പറയാനുള്ളത് എവിടെയും പറയാം. പാർട്ടി ഫണ്ടിലും സൊസൈറ്റി നിക്ഷേപത്തിലും വെട്ടിപ്പ് നടത്തിയ മറ്റൊരു ശശിയെ കുറിച്ചാണത്രെ മാഷിന്റെ പ്രയോഗം.

പക്ഷേ, മാഷ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് പിണറായി സഖാവിനെ തന്നെയെന്ന് അസൂയാലുക്കൾ പറഞ്ഞു നടക്കുന്നു . പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറിയെ വരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന സെക്രട്ടറി പരസ്യമായി ആരോപിച്ച പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതാണ്.

എന്നിട്ടും മാന്യദേഹം കെ.ടി.‌ഡി.സി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ പാർട്ടി അഭംഗി കാണാത്തതിൽ അത്ഭുതം വേണ്ട. ചില നേതാക്കളുടെ ആശ്രിത വാത്സല്യം തന്നെയാണതിന് കാരണം.ഏതായാലും അൻവർ മാളത്തിലൊളിച്ചു .

Leave a Reply

Your email address will not be published. Required fields are marked *