Your Image Description Your Image Description
എറണാകുളം: ഇടക്കൊച്ചി സ്വദേശി അൻസിലയ്ക്ക് ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. പദ്ധതിയുടെ മൂന്ന് ഗഡു തുക ലഭിക്കുകയും ചെയ്തു, നാലാം ഗഡു ലഭിക്കണമെങ്കിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പക്ഷേ, പെർമിറ്റ് എടുത്ത പ്രകാരമായിരുന്നില്ല വീട് പൂർത്തിയാക്കിയത്.
വശങ്ങളിലും മുൻപിലും പിന്നിലും ആവശ്യത്തിനു സെറ്റ് ബാക്ക് ഉണ്ടായിരുന്നില്ല. ഇതോടെ കംപ്ലിഷൻ സർട്ടിഫിക്കറ്റും അതുവഴി നാലാം ഗഡുവും ലഭിച്ചില്ല. വീട് പൂർത്തിയാക്കാൻ ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. ഈ കാലയളവിലാണ് ഭർത്താവിന്റെ മരണവും ഉണ്ടാകുന്നത്. അൻസിലയുടെ താൽക്കാലിക ജോലിയെ ആശ്രയിച്ചാണ് രണ്ട് മക്കളുള്ള കുടുംബം കഴിയുന്നത്. വീടിന് പൂർത്തീകരണ സർട്ടിഫിക്കറ്റും നമ്പറും കിട്ടാത്തതിനാൽ, മാതാപിതാക്കളോടൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. ആറ് വർഷമായുള്ള ഈ പ്രശ്നത്തിനാണ് ഇന്ന് പരിഹാരം കണ്ടിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിഎം ബി രാജേഷ് വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം അൻസിലയ്ക്ക് വേണ്ടി മാത്രം ജില്ല ജോയിന്റ് ഡയറക്ടർ, ജില്ലാ ടൗൺ പ്ലാനർ, കോർപ്പറേഷൻ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ അംഗങ്ങളായ അനധികൃത നിർമ്മാണം ക്രമവത്കരിക്കുന്നതിനുള്ള ജില്ലാ സമിതി, അദാലത്ത് വേദിയിൽ യോഗം ചേർന്നു. 2024 ലെ കെട്ടിട നിർമ്മാണ ക്രമവത്കരണ ചട്ട പ്രകാരം ക്രമവത്കരണ ഫീസ് ആയ 3000 രൂപ അടച്ച് നിബന്ധനകളോടെ അൻസിലയ്ക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു.
3 സെന്റിന് താഴെയുള്ള സ്ഥലത്ത് നടത്തിയ ലൈഫ്-പിഎംഎവൈ ഭവനം ആയതിനാലാണ് ഇത്രയും ഇളവുകൾ ലഭിച്ചത്. ഇതിന് പിന്നാലെ കൊച്ചി മേയറും ഡെപ്യൂട്ടി മേയറും ക്രമവത്കരണ ഫീസായ 3000 രൂപ പൂർണമായി ഇളവ് നൽകുമെന്ന് മന്ത്രിയെ അറിയിക്കുകയായിരുന്നു. അദാലത്ത് വേദിയിലാണ് ഇതെല്ലാം സംഭവിച്ചത്.
നിറകണ്ണുകളോടെയാണ് അൻസിലയും മക്കളും പരാതി പരിഹരിച്ച സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ആറു വർഷമായി പരിഹാരമില്ലാതെ തുടർന്ന ഒരു ആവശ്യത്തിനാണ് തദ്ദേശ അദാലത്തിൽ തത്സമയം പരിഹാരമായത്. വീടിന്റെ നിർമ്മാണം നിയമാനുസൃതമായതിന്റെ ആശ്വാസത്തിലും, ആറുവർഷത്തെ അലച്ചിലിന് പരിഹാരമായതിന്റെ സന്തോഷത്തിലുമാണ് അൻസില തദ്ദേശ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
ആറ് വർഷം മുമ്പ് കൊച്ചിൻ കോർപ്പറേഷൻ പതിനൊന്നാം വാർഡിലെ ഒന്നര സെന്റ് സ്ഥലത്ത് ലൈഫ്- പി എം എ വൈ പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചത്. നേവൽ ബേസിലെ താൽക്കാലിക ജോലിക്കാരിയായ അൻസിലയുടെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വീട് നമ്പറും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിൽ വീട് പണി പൂർത്തിയായെങ്കിലും താമസം തുടങ്ങാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു കുടുംബം. നിലവിൽ മാതാപിതാക്കളോടൊപ്പം വാടക വീട്ടിലാണ് അൻസിലയും കുട്ടികളും കഴിഞ്ഞു വരുന്നത്. ഇനി കുട്ടികളോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കാം എന്ന ആശ്വാസത്തിലാണ് അൻസില.

Leave a Reply

Your email address will not be published. Required fields are marked *