Your Image Description Your Image Description
എറണാകുളം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ സർക്കാർ ഏറ്റെടുത്ത് സ്മാരക ഗവേഷണ പഠന കേന്ദ്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി പബ്ളിക് ഹിയറിംഗ് നടത്തി. പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റായ രാജഗിരി ഔട്ട്റീച്ച് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങ് ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യരുടെ വസതിയിലാണ് നടത്തിയത്.
‘സദ്ഗമയ’ സംസ്ഥാന സര്ക്കാര് ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സാമൂഹ്യപ്രത്യാഘാത പഠനത്തിന് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില് തയ്യാറാക്കിയ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് പബ്ലിക് ഹിയറിംഗ് നടത്തിയത്. ഇതിന്‌ശേഷം അന്തിമ റിപ്പോര്ട്ട് നല്കും. ഈ റിപ്പോര്ട്ടിൻ്റെ അടിസ്ഥാനത്തില് തുടർ നടപടികൾ സ്വീകരിക്കുമെന്ന് നിയമ മന്ത്രി പി.രാജീവ് അറിയിച്ചു.
കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കൊച്ചിയിൽ താമസിച്ചിരുന്ന വസതിയായ ‘സദ്ഗമയ’ സർക്കാർ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
സദ്ഗമയ വിൽക്കാൻ പോകുന്നുവെന്ന വാർത്തകളെത്തുടർന്ന് നിയമമന്ത്രി പി. രാജീവ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വസതി സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതെത്തുടർന്ന് മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിക്കുകയും അദ്ദേഹം സർക്കാർ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. കൃഷ്ണയ്യർക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പി.രാജീവ് പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം പോലെ മഹത്വമുള്ള ഒരു സ്മാരകമായി സദ്‌ഗമയയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡിഷണൽ ലോ സെക്രട്ടറി എൻ ജീവൻ, സ്‌പെഷ്യൽ തഹസീൽദാർ എൽ എ ജനറൽ പ്രിയ, രാജഗിരി ഔട്ട്റീച്ച്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രൊജക്ട് ഡയറക്ടർ മീന കുരുവിള, കോർഡിനേറ്റർ സി.പി. ബിജു, ബിനിഷ തുടങ്ങിയവർ പബ്ളിക് ഹിയറിംഗിന് നേതൃത്വം നൽകി.
സദ്ഗമയ ഫൌണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസ്‌ പ്രതിനിധികളായ അഡ്വക്കേറ്റ് പി ബി സഹസ്രനാമൻ, അഡ്വക്കേറ്റ് സനദ് രാമകൃഷ്ണൻ, സുനിൽ കുമാർ, ചന്ദ്രിക എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *