Your Image Description Your Image Description

എറണാകുളം: ​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. നിർമാതാവ് സിജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് വിശദമായ വാദം കേൾക്കുന്നത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞത്. സ്വകാര്യ വിവരങ്ങൾ പുറത്തുവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിജിമോൻ ഹർജി നൽകിയത്.

ആരുടെയും സ്വകാര്യ വിവരങ്ങൾ റിപ്പോർട്ടിലില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി വിശദമായ വാദം കേൾക്കുന്നത്. ജസ്റ്റിസ് ​ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട് പുറത്ത് വിടുന്നത് നിയമവിരു​ദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെ കോടതി തടഞ്ഞത്. റിപ്പോർട്ട് പുറത്തുവിടുന്നത് തടയരുതെന്ന് വിവരാവകാശ കമ്മീഷനും സർക്കാരും നിലപാട് സ്വീകരിച്ചെങ്കിലും ചിലരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ഹർജിക്കാരന്റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.

സ്വകാര്യത ഉറപ്പാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നും ഹർജിക്കാരന്റെ മാത്രമല്ല മറ്റാരുടെയും പേര് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയെങ്കിലും കോടതി അം​ഗീകരിച്ചിരുന്നില്ല. സ്വകാര്യത സംബന്ധിച്ച സാക്ഷിമൊഴികൾ ഒഴിവാക്കിയെന്നും റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നതെന്നും കമ്മീഷൻ കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *