Your Image Description Your Image Description

 

പാരീസ്: വിവാദങ്ങൾക്കൊടുവിൽ പാരീസ് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ച് അൾജീരിയ ബോക്‌സിങ് താരം ഇമാൻ ഖലിഫ്. വനിതാ ബോക്‌സിങ്ങിൽ അൾജീരിയയിലേക്കെത്തുന്ന ആദ്യ ഒളിമ്പിക് മെഡലാണിത്. ക്വാർട്ടറിൽ ഹംഗറിയുടെ അന്ന ഹമോരിയെ 5-0ന് തകർത്താണ് ജയം.

ഇന്ത്യൻ റഫറിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. രണ്ടാംറൗണ്ടിൽ ഹമോരിയുടെ തലയുടെ പിൻഭാഗത്ത് ഇടിക്കാൻ ശ്രമിച്ചതിന് ഖലിഫിയെ റഫറി താക്കീത് ചെയ്തു. ആദ്യ റൗണ്ടിൽ ഇരുവരും മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാംറൗണ്ടിൽ ഖലിഫി അനായാസ ജയം നേടി. ഖലിഫിയുടെ പഞ്ചിൽനിന്ന് ഒഴിഞ്ഞുമാറാൻ ഹമോരി പരമാവധി ശ്രമിച്ചു. എന്നാൽ രണ്ടാം റൗണ്ടിൽ ഖലിഫിയുടെ മുഖത്ത് പഞ്ച് ചെയ്ത് ഹമോരി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇറ്റലിയുടെ ആഞ്ജല കരിനിയുമായുള്ള മത്സരമാണ് ഇമാൻ ഖലിഫിയെ ലോക ശ്രദ്ധാകേന്ദ്രത്തിലേക്കെത്തിച്ചത്. മത്സരത്തിൽ ഖലിഫിയിൽനിന്നേറ്റ കനത്ത പഞ്ചിൽ ആഞ്ജലയുടെ മൂക്ക് തകർന്നിരുന്നു. മത്സരം തുടങ്ങിയ ഉടനെയായിരുന്നു ഇത്. ഇതോടെ 46-ാം സെക്കൻഡിൽതന്നെ ആഞ്ജല മത്സരത്തിൽനിന്ന് പിന്മാറി. കഴിഞ്ഞവർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ (ഐ.ബി.എ.) ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഖലിഫ് ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. പുരുഷന്മാർക്കുള്ള എക്സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണിത്.

ഇമാനെക്കൂടാതെ, തയ്വാൻ താരം ലിൻ യു ടിങ്ങും ഐ.ബി.എ.യുടെ ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ലിന്നിനും പാരീസിൽ മത്സരിക്കാൻ ഐ.ഒ.സി. അനുമതി നൽകിയത് വിവാദമായി. എന്നാൽ ഇരുവരും ജനിച്ചതും വളർന്നതും ഇതുവരെ മത്സരിച്ചതും സ്ത്രീയായാണെന്നും പാസ്‌പോർട്ടിലും സ്ത്രീയായിട്ടാണ് ഉള്ളതെന്നും വ്യക്തമാക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക്ക് രംഗത്തെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *