Your Image Description Your Image Description

 

പാരീസ്: ഇരട്ട ഒളിമ്പിക് മെഡൽ നേട്ടത്തോടെ ഒരിക്കൽ കൂടി ഇന്ത്യയുടെ കായികചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ് ഷൂട്ടർ മനു ഭാകർ. ഇക്കഴിഞ്ഞ ഞായറാഴ്ച വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു, ചൊവ്വാഴ്ച 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പവും വെങ്കലം വെടിവെച്ചിട്ടു.

ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നപ്പോൾ 1900-ലെ ഒളിമ്പിക്‌സിൽ മത്സരിച്ച നോർമൻ പ്രിച്ചാർഡ് ഇരട്ട വെള്ളി നേടിയിരുന്നു. ബ്രിട്ടീഷ് പൗരനായിരുന്ന പ്രിച്ചാർഡ് പക്ഷേ അന്ന് മത്സരിച്ചത് ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടിയായിരുന്നു.

ഒളിമ്പിക് ഷൂട്ടിങ്ങിൽ 12 വർഷം നീണ്ട ഇന്ത്യയുടെ മെഡൽ വരൾച്ചയ്ക്ക് അറുതി വരുത്തിയായിരുന്നു ഞായറാഴ്ച മനു വെങ്കലം കഴുത്തിലണിഞ്ഞത്. ഇതോടൊപ്പം ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും തേടിയെത്തി. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങിൽ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാർ സ്വദേശിയായ 22-കാരി മനു ഭാക്കർ 2018 കോമൺവെൽത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വർണജേതാവായിരുന്നു. 2018-ൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പിൽ സ്വർണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സുവർണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ൽ കായിരംഗത്തെ തിളക്കത്തിന് അർജുനഅവാർഡും തേടിയെത്തി.

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി രണ്ടു മെഡലുകൾ നേടിയ രണ്ട് താരങ്ങളുണ്ട്. ഗുസ്തി താരം സുശീൽ കുമാറും ബാഡ്മിന്റൺ താരം പി.വി സിന്ധുവും. എന്നാൽ ഇവ രണ്ട് വ്യത്യസ്ത ഒളിമ്പിക്‌സുകളിലായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *