Your Image Description Your Image Description

ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് പുതുക്കിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം.

ആദ്യ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളുണ്ടായിരുന്നു. പുതിയ പട്ടികയിലെ ഫലം അനുസരിച്ച് ആദ്യ പട്ടികയിൽ ഉണ്ടായിരുന്ന 16,000 വിദ്യാർത്ഥികൾ മെഡിക്കൽ പ്രവേശനത്തിന് അർഹരല്ലാതാകും. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്‌ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. തൽഫലമായി 4.2 ലക്ഷം വിദ്യാർത്ഥികളുടെ അഞ്ച് മാർക്ക് വീതം കുറഞ്ഞു.

ഫിസിക്സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഫിസിക്സ് പേപ്പറിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് ഉത്തരമായി ഓപ്‌ഷൻ രണ്ടോ നാലോ രേഖപ്പെടുത്തിയിരുന്നവർക്ക് മുഴുവൻ മാർക്കും നേരത്തെ നൽകിയിരുന്നു. എന്നാൽ, ഓപ്ഷൻ നാലാണ് ശരിയുത്തരമെന്ന് ഐഐടി കണ്ടെത്തിയിരുന്നു.

ഓപ്‌ഷൻ രണ്ട് രേഖപ്പെടുത്തിയവർക്ക് ശരിയുത്തരത്തിന് ലഭിച്ച നാല് മാർക്ക് നഷ്ടമാകുകയും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് ഫലത്തിൽ വലിയ മാറ്റമുണ്ടാകാൻ കാരണം. നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫലം പുനഃപ്രസിദ്ധീകരിച്ചത്.‌ കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *